ധർമടം: ഇരുപത്തിനാലുകാരിയായ ഭർതൃമതിയെ പ്രണയം നടിച്ചു പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അണ്ടല്ലൂർ സ്വദേശി ദീക്ഷിതി (29) നെയാണ് ധർമടം സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
യുവതി ഭർത്താവിനും മകനുമൊപ്പം താമസിച്ചുവരികയായിരുന്നു. ഇതിനിടയിൽ സമൂഹമാധ്യമം വഴി ദീക്ഷിതുമായി പരിചയത്തിലായി.
തുടർന്ന് ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. നാട്ടിൽ വച്ച് പല തവണയും കോഴിക്കോട്ടും എറണാകുളത്തും എത്തിച്ചും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.
യുവാവ് അകലാൻ തുടങ്ങിയതോടെ സംശയം തോന്നിയ യുവതി അന്വേഷിച്ചപ്പോഴാണ് കാമുകൻ മറ്റൊരു യുവതിയുമായി അടുപ്പത്തിലാണെന്നു മനസിലാക്കിയത്.
ഗത്യന്തരമില്ലാതെ നടന്ന കാര്യങ്ങൾ ഭർത്താവിനോട് തുറന്നുപറഞ്ഞ യുവതി അടുത്തദിവസം ഭർത്താവിനെയും കൂട്ടി ദീക്ഷിതിന്റെ അണ്ടല്ലൂരിലുള്ള വീട്ടിലെത്തി.
കൈയാങ്കളി വരെയെത്തിയ വഴക്കിനൊടുവിൽ യുവതി കൈയിൽ കരുതിയ ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. അവശനിലയിൽ കുഴഞ്ഞുവീണ യുവതിയെ ഭർത്താവ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.