സ്വന്തം ലേഖിക
കൊച്ചി: എളംകുളത്ത് വാടകവീട്ടിൽ യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച കേസിൽ പ്രതി റാം ബഹാദൂർ ബിസ്തിയെ കൊലയ്ക്കു പ്രേരിപ്പിച്ചത് ഭാഗീരഥി ഥാമി ഗർഭിണിയാണെന്ന സംശയമോ?
നേപ്പാൾ പോലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന റാം ബഹാദൂറിന്റെ മൊബൈൽ ഫോണിൽ നിന്ന് യുവതി ഗർഭിണിയാണോയെന്നു പരിശോധിക്കുന്നതിനായി വാങ്ങിയ പ്രഗ്നൻസി കിറ്റിന്റെ വിവരങ്ങൾ കൊച്ചി സിറ്റി പോലീസിനു ലഭിച്ചു.
റാം ബഹാദൂർ രണ്ടു തവണ വിവാഹം കഴിച്ചയാളാണ്. ഈ ബന്ധത്തിൽ നാലു കുട്ടികളുമുണ്ട്. എന്നാൽ ഭാഗീരഥിയെ നിയമപ്രകാരം വിവാഹം കഴിച്ചിരുന്നില്ല.
അവർ ഗർഭിണിയാണെന്ന് അറിഞ്ഞശേഷം റാം ബഹാദൂറിനോട് നിയമപ്രകാരം വിവാഹം കഴിക്കാൻ നിർബന്ധിച്ചിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
അതിന് താൽപര്യമില്ലാതെ റാം ബഹാദൂർ കൊല നടത്തിയിരിക്കാമെന്നാണ് പോലീസ് സംഘം കരുതുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇതിൽ വ്യക്തത വരുത്താനാകൂ.
അതേസമയം റാം ബഹദൂറിന് ഭഗീരഥിയെ സംശയം ഉണ്ടായതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മണിക്കൂറുകൾ നീണ്ടിരുന്ന ഇവരുടെ ഫോണ്കോളുകളെ ചൊല്ലി ഇരുവർക്കുമിടയിൽ വഴക്ക് പതിവായിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
കൊലയ്ക്കു ശേഷം ഫോണിലെ മുഴുവൻ വിവരങ്ങളും നീക്കിയിട്ടാണ് റാം ബഹാദൂർ കൊച്ചി വിട്ടത്. ഇയാളുടെ ഫോണിൽ നിന്ന് നീക്കം ചെയ്ത വിവരങ്ങൾ നേപ്പാൾ പോലീസിന്റെ സഹായത്തോടെയാണ് കൊച്ചി സിറ്റി പോലീസ് വീണ്ടെടുത്തത്.
ഭഗീരഥി ധാമിയുടെ മൃതദേഹത്തിന്റെ ഫോട്ടോകളും ഫോണിൽ നിന്നു പോലീസ് വീണ്ടെടുക്കുകയുണ്ടായി. അതേസമയം റാം ബഹാദൂറിനെ ചോദ്യം ചെയ്യാൻ അഞ്ച് മിനിറ്റ് സമയമാണ് നേപ്പാൾ പോലീസ് കേരളത്തിൽ നിന്നുള്ള അന്വേഷക സംഘത്തിന് അനുവദിച്ചത്.
കുറഞ്ഞ സമയത്തിനുള്ളിൽ കിട്ടാവുന്ന വിവരങ്ങളത്രയും കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം ശേഖരിക്കുകയുണ്ടായി.
കൊല ചെയ്യപ്പെട്ട ആളെക്കുറിച്ചോ കൊലപാതകിയെ കുറിച്ചോ യാതൊരു വിവരവും ലഭ്യമാക്കാത്ത അവസ്ഥയിൽ ഒന്പതു ദിവസത്തിനകമാണ് മറ്റൊരു രാജ്യത്തു നിന്നു പ്രതിയെ പിടികൂടാനുള്ള കരുക്കൾ കൊച്ചി സിറ്റി പോലീസ് നീക്കിയത്.
കൊച്ചി സിറ്റി പോലീസ് നേപ്പാൾ പോലീസിനു കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നേപ്പാൾ പോലീസ് അയാളെ അറസ്റ്റ് ചെയ്തത്.
നേപ്പാൾ പോലീസ് ഇയാൾക്കെതിരെ വിവിധ കുറ്റകൃത്യങ്ങളിൽ കേസെടുത്തിട്ടുണ്ട്. നിലവിൽ റാം ബഹാദൂർ നേപ്പാൾ പോലീസിന്റെ കസ്റ്റഡിയിലാണ്.
ഇയാളെ കേരള പോലീസിനു വിട്ടുകിട്ടാനായി ആഭ്യന്തര മന്ത്രാലയം വഴി നേപ്പാൾ പോലീസിനെ സമീപിച്ചിരിക്കുകയാണ് കൊച്ചി സിറ്റി പോലീസ്.