കൊച്ചി: എളംകുളത്ത് വാടകവീട്ടിൽ യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച കേസിൽ പ്രതി റാം ബഹാദൂർ ബിസ്തി പഠിച്ച കള്ളനെന്നു പോലീസ്.
റാം ബഹദൂറിന്റെ മൊബൈൽ ഫോണിൽ നിന്ന് നിർണായകമായ പല വിവരങ്ങളും ലഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് കൊല്ലപ്പെട്ട നേപ്പാൾ സ്വദേശിനി ഭഗീരഥി ഥാമിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
നേപ്പാൾ പോലീസിന്റെ സഹായത്തോടെയാണ് ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്.റാം ബഹാദൂറിനെ ചോദ്യം ചെയ്യാൻ അഞ്ച് മിനിറ്റ് സമയമാണ് നേപ്പാൾ പോലീസ് കേരളത്തിൽ നിന്നുള്ള അന്വേഷക സംഘത്തിന് അനുവദിച്ചത്.
ചോദ്യം ചെയ്യലിൽ റാം ബഹാദൂർ ഭഗീരഥി ധാമിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചതായാണ് സൂചന. നേപ്പാൾ പോലീസ് ഇയാൾക്കെതിരേ വിവിധ കുറ്റകൃത്യങ്ങളിൽ കേസെടുത്തിട്ടുണ്ട്.
നിലവിൽ റാം ബഹാദൂർ നേപ്പാൾ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ കേരള പോലീസിനു വിട്ടുകിട്ടാനായി ആഭ്യന്തര മന്ത്രാലയം വഴി നേപ്പാൾ പോലീസിനെ സമീപിക്കാനൊരുങ്ങുകയാണ് കൊച്ചി സിറ്റി പോലീസ്.
ഇയാളെ വിട്ടു കിട്ടാനുള്ള നടപടികൾ വേഗത്തിലാക്കാനാണ് അപേക്ഷ നൽകുന്നത്. റാം ബഹാദൂറിനെതിരെ ഇതു വരെ ശേഖരിച്ച തെളിവുകളും കൈമാറും.
അതേസമയം നേപ്പാളിലേക്കു പോയ അന്വേഷണ സംഘം ഇന്നലെ രാത്രി മടങ്ങിയെത്തി.