ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാതെ ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററുകള്‍ താണ്ടിയ ദനാ മാഞ്ചിയെ ഓര്‍മയില്ലേ. ദാനാ മാഞ്ചിയുടെ ജീവിതം ഇപ്പോള്‍ പാടെ മാറിയിരിക്കുന്നു. ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി നടന്ന അന്നത്തെ ആ അവസ്ഥയിലല്ല ദനാ മാഞ്ജിയിന്ന്.
ഭാര്യയുടെ മരണത്തെ തുടര്‍ന്ന് വിവിധ വ്യക്തികളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിരുന്നു. ബാങ്കില്‍ അഞ്ച് വര്‍ഷ കാലാവധിയില്‍ വലിയ തുക സ്ഥിര നിക്ഷേപമുണ്ട് ഇന്നയാള്‍ക്ക്. സഞ്ചാരം ബൈക്കിലായി. പുതിയ വീടിന്റെ പണിയും പുരോഗമിക്കുന്നു. പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പദ്ധതിയിലൂടെയും വീട് നിര്‍മ്മാണത്തിന് മാഞ്ചിക്ക് സഹായം ലഭിച്ചിരുന്നു. ഇതിനിടെ മാഞ്ചി ഒരു വിവാഹവും കഴിച്ചു. മൂന്ന് പെണ്‍മക്കളുടെ അച്ഛനായ മാഞ്ചി ഇപ്പോള്‍ വീണ്ടും അച്ഛനാകാന്‍ ഒരുങ്ങുകയാണ്.
മാഞ്ചിയുടെ മൂന്നാം ഭാര്യ അലമാതി ദേയി ഗര്‍ഭിണിയുമാണ്. ക്ഷയരോഗം ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹവും ചുമലിലേന്തി മകളോടൊപ്പം മാഞ്ചി നടന്ന് വീട്ടിലേക്ക് പോയത് ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ വന്‍ വാര്‍ത്തയായിരുന്നു. ഭുവനേശ്വറിലെ കാളഹസ്തി ഗ്രാമനിവാസിയാണ് മാഞ്ചി. വാര്‍ത്ത അന്താരാഷ്ട്ര ശ്രദ്ധ നേടിയതോടെ മാഞ്ചിക്ക് ബഹ്റിന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലിഫ ഒന്‍പത് ലക്ഷം രൂപയും നല്‍കിയിരുന്നു.
സുലബ് ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ടിലെ സ്ഥിരനിക്ഷേപത്തില്‍ നിന്ന് പ്രതിമാസം പതിനായിരം രൂപ മാഞ്ചിയുടെ മകള്‍ ചാന്ദ്നിക്ക് പലിശയിനത്തില്‍ മാത്രമായി ലഭിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ നിന്ന് അജ്ഞാതനായ ഒരാള്‍ നല്‍കുന്ന 80000 രൂപ ഇദ്ദേഹത്തിന്റെയും മക്കളുടേയും പേരില്‍ നാല് തവണകളായി ലഭിക്കുന്ന വിധം അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. പുതിയ ഭാര്യ വന്നതോടെ മക്കളെ ഇദ്ദേഹം തിരിഞ്ഞ് നോക്കുന്നില്ലെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇദ്ദേഹത്തിന്റെ മരിച്ച ഭാര്യയിലെ പെണ്‍മക്കള്‍ മൂന്ന് പേരും ഭുവനേശ്വറിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുകയാണിപ്പോള്‍.