ന്യൂഡൽഹി: 2017-18 ധനകാര്യവർഷത്തെ ബജറ്റ് കമ്മി ലക്ഷ്യം മറികടക്കുമോ എന്ന് ആശങ്ക. മാർച്ച് 31-ന് 5.94 ലക്ഷംകോടി രൂപ ധനകമ്മി എന്നാണു പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ്. ഫെബ്രുവരി 28 ലെ ധനകമ്മി 7.15 ലക്ഷം കോടിയായെന്നു കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (സിജിഎ) പുറത്തുവിട്ട കണക്ക് കാണിക്കുന്നു. ഇതു വാർഷികലക്ഷ്യത്തിന്റെ 120 ശതമാനമാണ്.
മാർച്ചിൽ ആദായനികുതിയുടെ മുൻകൂർ നികുതി അടക്കം വരുമാനം ഗണ്യമായി കൂടുതലുണ്ടാകും. എന്നാൽ ധനകമ്മിയിൽ ഉള്ള വലിയ അന്തരം മറികടക്കാൻ അതു മതിയാകുമോ എന്നു വ്യക്തമല്ല. ജിഎസ്ടി ഏർപ്പെടുത്തിയതുമൂലം പരോക്ഷ നികുതി വരുമാനത്തിൽ ഒരു മാസത്തെ കുറവും ഉണ്ട്.
ഫെബ്രുവരി 28 വരെ ലഭിച്ച റവന്യു മുഴുവർഷത്തേക്കു പ്രതീക്ഷിച്ചതിന്റെ 79.09 ശതമാനമാണ്. തുക 12.83 ലക്ഷം കോടി രൂപ. ഇതിൽ 10.35 ലക്ഷം കോടി നികുതിയും 1.42 ലക്ഷം കോടി നികുതിയിതര റവന്യു വരവും 1.05 ലക്ഷം കോടി മൂലധനവരവുമാണ്.
ഫെബ്രുവരി 28 വരെ 19.99 ലക്ഷം കോടിയാണു ഗവൺമെന്റ് ചെലവഴിച്ചത്. ഇതു ബജറ്റ് ലക്ഷ്യത്തിന്റെ 90.14 ശതമാനമാണ്. 17.02 ലക്ഷം കോടി റവന്യു ചെലവും 2.97 ലക്ഷം കോടി മൂലധന ചെലവുമാണ്. പലിശയ്ക്ക് 4.5 ലക്ഷം കോടിയും പ്രധാന സബ്സിഡികൾക്കായി 2.27 ലക്ഷം കോടിയും ചെലവായി.