തലശേരി: കേരളത്തിലും കർണാടകയിലുമായി 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ധനകോടി ചിറ്റ്സ് ആൻഡ് ധനകോടി നിധി എന്ന ധനകാര്യ സ്ഥാപനം തലശേരിയിൽനിന്നു മാത്രം തട്ടിയെടുത്തത് അഞ്ച് കോടി രൂപ.
തലശേരി പോലീസ് ഇതുവരെ 31 കേസുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. നൂറിലേറെ പരാതികളിൽ പരിശോധന നടന്നു വരികയാണ്. ഒരു ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് പരാതിയുമായി സ്റ്റേഷനിൽ എത്തുന്നത്.
ടൗൺ സിഐ എം. അനിൽ, എസ് ഐ അരുൺ, എഎസ്ഐ ശിവദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ചെറുകിട കച്ചവടക്കാരും സർക്കാർ ജീവനക്കാരുമുൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ചിട്ടി തട്ടിപ്പിനിരയായിട്ടുള്ളത്. കമ്പനിയുടെ ഡയറക്ടർമാരായ യോഹന്നാൻ മറ്റത്തിൽ, ജോർജ്, സജി സെബാസ്റ്റ്യൻ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിൽ അറസ്റ്റിലായിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിലാണുള്ളത്.
2007ലാണ് ധനകോടി തലശേരിയിൽ രജിസ്റ്റർ ചെയ്തത്. കേരളത്തിലും കർണാടകയിലുമായി 25 ശാഖകളാണ് ഇവർക്കുള്ളതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.
ദിവസേന നിരവധി പരാതികളാണ് ഓരോ പോലീസ് സ്റ്റേഷനുകളിലും എത്തുന്നത്. കേസ് വേണ്ട പണം എങ്ങനെയെങ്കിലും വാങ്ങി തരണമെന്നാണ് പരാതിക്കാരിൽ ഭൂരിഭാഗവും പോലീസിനോട് ആവശ്യപ്പെടുന്നത്.
പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ തലശേരി ശാഖ അടച്ചു പൂട്ടി. ഇവിടെയുള്ള മാനേജർ ഉൾപ്പെടെയുള്ള നാല് ജീവനക്കാരും പോലീസ് നിരീക്ഷണത്തിലാണ്.
സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർ ജോലി നിലനിർത്തുന്നതിന്റെ ഭാഗമായി നിരവധി പേരെയാണ് ചിട്ടിയിൽ ചേർത്തത്.
തട്ടിപ്പിനിരയായ ചെറുകിട വ്യാപാരികളിൽ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. സുൽത്താൻ ബത്തേരിയിൽ റിമാൻഡിൽ കഴിയുന്ന ഡയറക്ടർമാരുടെ അറസ്റ്റ് കോടതിയുടെ അനുമതിയോടെ പോലീസ് രേഖപ്പെടുത്തും.