കൊച്ചി: ഇൻഷ്വറൻസ് കമ്പനിയായ കനറ എച്ച്എസ്ബിസി ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സിന്റെ എല്ലാവിധ ലൈഫ് ഇൻഷ്വറൻസ് പദ്ധതികളും ധനലക്ഷ്മി ബാങ്കിലെ ലൈസൻസ് ഉള്ള ജീവനക്കാർ വഴി വില്പന നടത്താൻ ധാരണയായി. ധാരണപ്രകാരം മൂന്നു വർഷത്തേക്കു കോർപറേറ്റ് ഏജന്റ് ആയിരിക്കുമെങ്കിലും ദീർഘകാലത്തേക്കു ബന്ധം തുടരാനാണ് ലക്ഷ്യമിടുന്നതെന്നു പത്രസമ്മേളനത്തിൽ ഇരു സ്ഥാപനങ്ങളും അറിയിച്ചു.
ധനലക്ഷ്മി ബാങ്കിന്റെ ഉപയോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസൃതമായ നിരവധി പദ്ധതികളാവും ഇതിലൂടെ ലഭിക്കുക. ജോലിയിൽ നിന്നു വിരമിച്ചതിനു ശേഷമുള്ള ആവശ്യങ്ങൾ, ജീവിതകാലത്തേക്കുള്ള ഉറപ്പായ വരുമാനം, കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള സന്പാദ്യം, സമഗ്ര സംരക്ഷണം തുടങ്ങി പദ്ധതികളാണ് കാനറ എച്ച്എസ്ബിസി ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ് ലൈഫ് ഇൻഷ്വറൻസിനുള്ളത്.
ധനലക്ഷ്മി ബാങ്കുമായി ധാരണയായതോടെ കൂടുതൽ ഉപയോക്താക്കളിലേക്കു സേവനങ്ങൾ എത്തിക്കാമെന്നാണ് ഇരുസ്ഥാപനങ്ങളും പ്രതീക്ഷിക്കുന്നത്. ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടർ ജി. ശ്രീറാം, കനറ എച്ച്എസ്ബിസി ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ് ലൈഫ് ഇൻഷ്വറൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അനുജ് മാത്തൂർ, ധനലക്ഷ്മി ബാങ്ക് ചീഫ് ജനറൽ മാനേജർ പി. മണികണ്ഠൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.