മുംബൈ: മഹാരാഷ്ട്ര സാമൂഹികനീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ഡെക്കെതിരേ ബലാത്സംഗ ആരോപണവുമായി മുംബൈയിലെ ഗായിക. ഈ മാസം പത്തിനാണ് എൻസിപി നേതാവും മന്ത്രിയുമായ ധനഞ്ജയ്ക്കെതിരെ ഗായിക ലൈംഗിക പീഡന പരാതി നൽകിയത്.
2006-ൽ വീട്ടിൽ ആരുമില്ലാത്തപ്പോൾ ധനഞ്ജയ് ബലാത്സംഗം ചെയ്തെന്നും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി അതിക്രമം തുടർന്നെന്നുമാണു പരാതി. സിനിമയിൽ പാടാൻ അവസരം നൽകുമെന്നും വിവാഹം കഴിക്കാമെന്നും ധനഞ്ജയ് വാദ്ഗാനം ചെയ്തിരുന്നെന്നും പരാതിയിൽ പറയുന്നു.
എന്നാൽ പരാതിക്കു മറുപടിയുമായി ധനഞ്ജയ് രംഗത്തെത്തി. ഗായികയുടെ പരാതി തള്ളിയ ധനഞ്ജയ്, ഗായികയുടെ സഹോദരിയുമായി തനിക്കു വിവാഹേതര ബന്ധമുണ്ടെന്നു വെളിപ്പെടുത്തി.
2003 മുതൽ ഗായികയുടെ സഹോദരിയുമായി തനിക്കു ബന്ധമുണ്ട്. ആ ബന്ധത്തിൽ ഒരു മകളും ഒരു മകനുമുണ്ട്. ഇതെല്ലാം തന്റെ ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമെല്ലാം അറിയാം.
മക്കളെയും അമ്മയെയുമെല്ലാം താൻ നോക്കുന്നുണ്ടെങ്കിലും രണ്ടു വർഷം മുന്പു കൂടുതൽ പണം ആവശ്യപ്പെട്ടു ഭീഷണിയായി. വഴങ്ങില്ലെന്നു കണ്ടതോടെ ഇപ്പോൾ വ്യാജ പരാതി ഉന്നയിക്കുകയാണെന്നും ധനഞ്ജയ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വിവാഹത്തിനു പുറത്തു മറ്റൊരു ബന്ധമുണ്ടെന്ന മന്ത്രിയുടെ തുറന്നുപറച്ചിൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ഭാര്യമാരേയും കുട്ടികളെയും സ്വത്തുക്കളെയും കുറിച്ചു വെളിപ്പെടുത്തിയില്ലെന്നു ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കിരിത് സൊമയ്യ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി.