തലശേരി: ഡിവൈഎഫ്ഐ പ്രവര്ത്തകന് അഴീക്കോട് മീന്‍കുന്നിലെ പുളിക്കാമ്പ്രത്ത് ധനേഷിനെ(21) വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് രാജകുമാര മുമ്പാകെ പൂര്‍ത്തിയായി. കേസിലെ ഒന്നാം സാക്ഷിയും സംഭവത്തില്‍ പരിക്കേറ്റയാളുമായ മടക്കര പ്രജീഷ് ഉള്‍പ്പെടെ 36 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. കേസിലെ പ്രതികളേയും കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും കൊല്ലപ്പെട്ട ധനേഷിന്റെ വസ്ത്രങ്ങളും ഒന്നാം സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു.
വിചാരണയുടെ അടിസ്ഥാനത്തില്‍ പ്രതികളെ കോടതി ചോദ്യം ചെയ്യുകയും പ്രതികള്‍ കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വാദം നടക്കുകയും ചെയ്തു. കേസ് വിധി പറയുന്നതിനായി മാറ്റി. രാഷ്ട്രീയ വിരോധം വെച്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ പ്രതികള്‍ ധനേഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷനും എന്നാല്‍ സിപിഎം നേതാവ് എം.പ്രകാശന് മാസ്റ്ററുടെ മകളുടേയും കാമുകന്റെയും മരണവുമായി ബന്ധപ്പെട്ട സംഭവമാണ് കൊലയ്ക്കു പിന്നിലെന്ന് പ്രതിഭാഗവും വിചാരണ വേളയില്‍ കോടതിയില്‍ പറഞ്ഞിരുന്നു.
2008 ജനുവരി 12 നാണ് ധനേഷ് കൊല്ലപ്പെട്ടത്. സംഭവദിവസം രാത്രി 10.15 ന് ഗോപാല്‍ സ്മാരക മന്ദിരത്തില്‍ നിന്നും പ്രജീഷിനോടൊപ്പം ബൈക്കില്‍ പോകുകയായിരുന്ന ധനേഷിനെ ഏഴംഗ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്. ഗൂഡാലോചന നടത്തിയ രണ്ട് പ്രതികളുള്‍പ്പെടെ ഒമ്പത് ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. സംഭവ സമയത്ത് വളപട്ടണം സിഐ യായിരുന്ന കെ.സി ലോറന്‍സാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ ഒന്നാം പ്രതി അഴീക്കോട്ടെ എം.പി സ്വരൂപ് ഒളിവിലാണുള്ളത്.
രണ്ട് മുതല്‍ ഒമ്പത് വരെ പ്രതികളായ മുടത്തിപ്പാണ്ടയില് എം.പി.പ്രജീന്‍ (30), മുണ്ടച്ചാലില്‍ എം.വിജിത്ത് (30), ഓലച്ചിറയിലെ ശരത്ത ബാബു (29), ആനവയല്‍ പണ്ടാരപ്പുരയില്‍ വിജോയ് (28), സ്വാമി മഠം കോളനിയിലെ ഇടുമ്പന് ബൈജു (27), വയറന്‍ മുരിക്കോളി സാഹിര്‍ (29), നീര്‍ക്കടവ് കുഞ്ഞിപ്പാക്കന് കലേഷ് (23), മുണ്ടാക്കന് വിനീഷ് (24) എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്‍. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി. ശശീന്ദ്രനും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. അജയകുമാറും പ്രതിഭാഗത്തിനു വേണ്ടി അഡ്വ.സുനില്‍കുമാറുമാണ് ഹാജരാകുന്നത്.