കൊച്ചി: ഫോബ്സ് മാസികയുടെ പുതിയ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും ധനികനായ മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ആഗോള റാങ്കിംഗിൽ 388-ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരിൽ പത്തൊന്പതാമതാണ്. 32,500 കോടി രൂപയുടെ ആസ്തിയുമായാണു എം.എ. യൂസഫലി ഫോബ്സ് പട്ടികയിലെ അതിസന്പന്നനായ മലയാളിയായത്. 25,300 കോടിയുടെ ആസ്തിയുള്ള രവി പിള്ളയാണു മലയാളിധനികരിൽ രണ്ടാമത്.
ലോകറാങ്കിംഗിൽ 572-ാം സ്ഥാനത്താണു രവി പിള്ള. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുകളിലാണ് ഇരുവരുടെയും സ്ഥാനം എന്നതും കൗതുകകരമാണ്. ജെംസ് എഡ്യുക്കേഷൻ ഗ്രൂപ്പ് തലവൻ സണ്ണി വർക്കി മലയാളികളിൽ മൂന്നാം സ്ഥാനത്തും ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ നാലാം സ്ഥാനത്തും എത്തി. 15,600 കോടി രൂപയാണു ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സണ്ണി വർക്കിയുടെ ആസ്തി. ക്രിസ് ഗോപാലകൃഷ്ണന്റെ സന്പാദ്യം 11,700 കോടി.
ശോഭ ഗ്രൂപ്പ് ചെയർമാൻ പി.എൻ.സി. മേനോൻ, വിപിഎസ് ഗ്രൂപ്പ് ചെയർമാൻ ഷംസീർ വയലിൽ, ജോയ് ആലുക്കാസ് (മൂവരുടെയും ആസ്തി 9,700 കോടി), ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ, വിഗാർഡ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (ഇരുവരുടെയും ആസ്തി 7,800 കോടി) എന്നിവരാണ് മലയാളിധനികരുടെ ആദ്യ പത്തിൽ ഇടം പിടിച്ചവർ.