നീലേശ്വരം: തമിഴ്നാട് മേട്ടുപ്പാളയത്ത് പാതി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം നീലേശ്വരം സ്വദേശിയുടേതെന്നു സംശയം. ബങ്കളം പള്ളത്തുവയലിലെ ദാമോദരൻ-സുലോചന ദന്പതികളുടെ മകൻ ധനൂപിന്റെതാണു മൃതദേഹമെന്നാണു സംശയം.
ധനൂപിനെ 30 ദിവസം മുന്പാണ് കാണാതായത്. ഇതു സംബന്ധിച്ചു മാതാവ് സുലോചന നീലേശ്വരം പോലീസിൽ പരാതി നൽകിയിരുന്നു. ഗൾഫിൽ നിന്നും തിരിച്ചുവന്ന ധനൂപ് കാഞ്ഞങ്ങാട് ഗ്ലാസ് ഡിസൈനിംഗ് ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടയിൽ പയ്യന്നൂർ രാമന്തളിയിലെ യുവതിയുമായി പ്രണയത്തിലായിരുന്നു. മൂന്നു ദിവസം മുന്പാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയതായി മേട്ടുപ്പാളയം പോലീസ് നീലേശ്വരം പോലീസിനെ അറിയിച്ചത്.
ഇതേത്തുടർന്നു ബന്ധുക്കളും നീലേശ്വരം പോലീസും മേട്ടുപ്പാളയത്തിലെത്തിയെങ്കിലും മൃതദേഹം സംസ്കരിച്ചിരുന്നു. മൃതദേഹത്തിൽ നിന്നു ലഭിച്ച തെളിവുകൾ ബന്ധുക്കൾ പരിശോധിച്ചെങ്കിലും വ്യക്തതയുണ്ടായില്ല. കൂടുതൽ അന്വേഷണത്തിന് മേട്ടുപ്പാളയം പോലീസ് ഇന്നു നീലേശ്വരത്തെത്തുന്നുണ്ട്. മകന്റെ തിരോധാനത്തെക്കുറിച്ചു വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് സുലോചന മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കു പരാതി നൽകാൻ ഒരുങ്ങുകയാണ്.