പയ്യന്നൂർ: ധന്‍രാജ് വധക്കേസിലെ ഒമ്പതാം പ്രതിയായ ആർഎസ്എസ് കണ്ണൂർ ജില്ലാ കാര്യവാഹക് വെള്ളൂര്‍ കാരയില്‍ പി. രാജേഷ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സിപിഎം പ്രവര്‍ത്തകനായിരുന്ന ധന്‍രാജ് 2016 ജൂലൈ 11ന് രാത്രിയിലാണു കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ ഒരു സംഘം മാരകായുധങ്ങളുമായി വീട്ടില്‍ കയറി ധന്‍രാജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
ഈ കേസില്‍തന്നെ പ്രതിചേര്‍ത്തതു രാഷ്ട്രീയ വൈരാഗ്യം നിമിത്തമാണെന്നും കേസുമായി തനിക്കു ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജേഷ് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം രാജേഷിന്റെ പേര് പ്രതികളുടെ കൂട്ടത്തില്‍ പരാമര്‍ശിച്ചിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ തന്നെ ഒമ്പതാം പ്രതിയാക്കിയിട്ടുണ്ടെന്നു തിരിച്ചറിഞ്ഞു രാജേഷ് തലശേരി സെഷന്‍സ് കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.
തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. എഫ്ഐആറില്‍ ഒമ്പതാം പ്രതി മറ്റൊരാളായിരുന്നെന്നും പിന്നീട് കുറ്റപത്രത്തില്‍ തന്നെ മനഃപൂര്‍വം പ്രതിയാക്കിയെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍, കേസില്‍ കുറ്റപത്രം നല്കിയ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന് എതിര്‍ത്തു. ഇതു കണക്കിലെടുത്താണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.