രജനീകാന്ത് ചിത്രമായ കബാലിയിലൂടെ പ്രേക്ഷക മനം കീഴടക്കിയ നടിയാണ് ധൻസിക. സോളോ എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായി മലയാളത്തിലും ധൻസിക അരങ്ങേറിയിരുന്നു. അടുത്തിടെ സംവിധായകൻ ടി രാജേന്ദ്രർ താരത്തെ പൊതുവേദിയിൽ വച്ച് വഴക്ക് പറഞ്ഞതും താരം പൊട്ടിക്കരഞ്ഞതുമൊക്കെ വലിയ വാർത്തയായിരുന്നു. താരം തന്നെ ബഹുമാനിച്ചില്ലെന്നാരോപിച്ചായിരുന്നു സംവിധായകൻ രോഷാകുലനായത്. തെറ്റ് മനസിലാക്കിയ ധൻസിക ക്ഷമ ചോദിച്ചുവെങ്കിലും അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ പൊതുവേദിയിൽ വച്ചുള്ള വഴക്ക് തുടരുകയായിരുന്നു.
വഴിത്തിര എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിനിടയിൽ മാധ്യമപ്രവർത്തകരുടെ മുന്നിൽ വെച്ചായിരുന്നു ഈ രംഗങ്ങൾ അരങ്ങേറിയത്. കൃഷ്ണ കുലശേഖരനും ധൻസികയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്ന് നടന്ന സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. അന്ന് നടന്ന സംഭവത്തെക്കുറിച്ച് ഇനി സംസാരിക്കില്ലെന്ന് തീരുമാനിച്ചതായിരുന്നു. പക്ഷേ തന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇപ്പോഴും തുടരുന്നതിനാലാണ് താൻ ഈ വിഷയത്തെക്കുറിച്ച് വിശദീകരിക്കുന്നതെന്ന് താരം പറയുന്നു.
നാളുകൾക്ക് ശേഷമാണ് ഈ വിഷയത്തിൽ പ്രതികരണവുമായി താരം എത്തിയിട്ടുള്ളത്. മാനസികമായി താൻ ഏറെ തളർന്നുപോയൊരു സംഭവം കൂടിയായിരുന്നു അത്. ഏഴ് ദിവസത്തിന് ശേഷമാണ് ആ ഞെട്ടലിൽ നിന്നു താൻ മുക്തയായത്. പറ്റിപ്പോയ തെറ്റിന് അപ്പോൾത്തന്നെ ക്ഷമ ചോദിച്ചുവെങ്കിലും അദ്ദേഹം അത് കേൾക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല. ആത്മീയതയുള്ള ഒരു വ്യക്തിക്ക് ഒരിക്കലും ഇത്തരത്തിൽ പെരുമാറാൻ കഴിയില്ല. അദ്ദേഹം ആത്മീയതയുള്ള വ്യക്തിയാണെന്നാണ് എല്ലാവരും പറയുന്നത്. സമചിത്തതയോടെ പെരുമാറാൻ പഠിച്ചത് ആത്മീയതയിലൂടെയാണെന്നും താരം പറയുന്നു. ഇതുവരെയുള്ള സിനിമാജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നു. എല്ലാ പുരുഷൻമാരെയും കുറ്റപ്പെടുത്താനല്ല മറിച്ച് ഇതുവരെയെത്താൻ സഹായവും പിന്തുണയും നൽകിയ പുരുഷൻമാരോട് നന്ദി പറയാനാണ് താൻ ഈ അവസരം ഉപയോഗിക്കുന്നതെന്നും താരം പറയുന്നു.