ചെന്നൈ: തമിഴ് സിനിമാ നടന് ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ രംഗത്ത്. പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് ധനുഷ് ഒളിച്ചോടിയതാണെന്നും ധനുഷിന്റെ പിതാവ് തമിഴ്ലോകം അറിയുന്നതരത്തില്‍ സംവിധായകന് കസ്തൂരിരാജ അല്ലെന്നും ഇവര്‍ അവകാശപ്പെടുന്നു. തമിഴ് സ്റ്റൈല്മന്നന് രജനീകാന്തിന്റെ മകളെയാണ് ധനുഷ് വിവാഹം കഴിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ തിരുപ്പുവനത്തില്നിന്നുള്ള ദമ്പതികളാണ് അവകാശവാദം ഉയര്‍ത്തിയിരിക്കുന്നത്. പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ കാണാതായ ‘ധനുഷിനെ’ തിരിച്ചുലഭിക്കണമെന്നു കാട്ടി ദമ്പതികള്‍ മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്കി. അവകാശവാദവുമായി തങ്ങള്‍ ധനുഷിനെ കാണാന്‍ ശ്രമിച്ചെന്നും എന്നാല്‍ കുടുംബാംഗങ്ങള്‍ ഇത് നിഷേധിച്ചെന്നും ദമ്പതികള്‍ പരാതിയില്‍ ആരോപിക്കുന്നു. ധനുഷിന്റെ യഥാര്‍ഥ പേര് കലയരശ് എന്നാണെന്നും 2002ല്‍ പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് ഇയാള്‍ ഒളിച്ചോടുകയായിരുന്നെന്നും പരാതിയിലുണ്ട്. പോലീസ് അന്വേഷണം നടത്തുമെന്ന് ദമ്പതികള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. ധനുഷോ കുടുംബാംഗങ്ങളോ വാര്‍ത്തകളോടു പ്രതികരിച്ചിട്ടില്ല.