കോളിവുഡിൽ തുടങ്ങിയ ധനുഷിന്റെ അഭിനയ ജീവിതം ബോളിവുഡും കടന്ന് ഹോളിവുഡിൽ എത്തിനിൽക്കുകയാണ്. സിനിമയിലെ വൻ നേട്ടങ്ങൾക്കിടയിലും തമിഴ് മക്കൾക്ക് ഒരു കൈ സഹായം നൽകാൻ ധനുഷ് മടി കാട്ടാറില്ല. പക്ഷേ പലപ്പോഴും അത് ആരും അറിയാറില്ല എന്നതാണു സത്യം. ഇത്തവണയും അത് തന്നെ സംഭവിച്ചു. 125 കർഷക കുടുംബങ്ങൾക്ക് ധനസഹായമായി 70 ലക്ഷം രൂപയാണ് ധനുഷ് നൽകിയത്.
കർഷകർക്ക് ധനുഷിന്റെ സഹായം എത്തിയതിനു പിന്നിൽ ഒരു കഥ കൂടിയുണ്ട്. തമിഴ് മാധ്യമപ്രവർത്തകനായ രാജീവ് ഗാന്ധി തഞ്ചാവൂരിലെയും കാവേരി നദീ തീരപ്രദേശത്തെ കർഷകരുടെ ദുരിത ജീവിതത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയാറാക്കിയിരുന്നു. കോളയ് വിളയും നിലം എന്നതായിരുന്നു ഡോക്യുമെന്ററിയുടെ പേര്. അടുത്തിടെ നടന്ന ചടങ്ങിൽ ഡോക്യുമെന്ററി പുറത്തിറക്കി.തിരുടാ തിരുടിചിത്രത്തിന്റെ സംവിധായകൻ സുബ്രഹ്മണ്യ ശിവയും ചടങ്ങിൽ പങ്കെടുത്തിരുന്നു.ധനുഷിന്റെ സിനിമാ കരിയറിനെ മാറ്റിമറിച്ച ചിത്രമായിരുന്നു തിരുടാ തിരുടി.
ശിവ ഡോക്യുമെന്ററി ധനുഷിനെ കാണിക്കുകയും കർഷക കുടുംബങ്ങളുടെ ജീവിതത്തെക്കുറിച്ച് വിവരിക്കുകയും ചെയ്തു. ഇതുകേട്ട ധനുഷ് 125 കർഷക കുടുംബങ്ങൾക്ക് 50,000 രൂപ വീതം നൽകാൻ തീരുമാനിച്ചു. ധനുഷ് നേരിട്ടെത്തി കുടുംബങ്ങൾക്ക് സഹായം നൽകുകയും ചെയ്തു. ഭാര്യ ഐശ്വര്യ, പിതാവ് കസ്തൂരിരാജ, മറ്റു കുടുംബാംഗങ്ങളും ധനുഷിനൊപ്പം ഉണ്ടായിരുന്നു. രാജീവ് ഗാന്ധി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഒരു പബ്ലിസിറ്റിയും ആഗ്രഹിക്കാതെ ധനുഷ് ചെയ്ത പ്രവൃത്തിയെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്.