ചെന്നൈ: വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതിയിൽ ഇളവു തേടിയ നടൻ ധനുഷിനു മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.
പാവപ്പെട്ടവർപോലും പരാതിയില്ലാതെ നികുതി അടയ്ക്കുന്നുണ്ടെന്ന് ജസ്റ്റീസ് എസ്.എം. സുബ്രഹ്മണ്യൻ പ്രതികരിച്ചു.
ആഡംബര കാറിനു പ്രവേശന നികുതിയിളവ് തേടി താൻ 2015ൽ നല്കിയ ഹർജി പിൻവലിക്കാനുള്ള ധനുഷിന്റെ അപേക്ഷ തള്ളിയാണു പരാമർശം.
30.30 ലക്ഷം രൂപ 48 മണിക്കൂറിനകം അടയ്ക്കാൻ കോടതി ധനുഷിനോടു നിർദേശിച്ചു. നികുതിയായ 60.60 ലക്ഷം രൂപയുടെ പകുതി ധനുഷ് മുന്പ് അടച്ചിരുന്നു.
പാവപ്പെട്ടർ നികുതി നല്കിയ പണമുപയോഗിച്ചു നിർമിക്കുന്ന റോഡിലൂടെയാണു നിങ്ങൾ ആഡംബര കാർ ഓടിക്കാൻ പോകുന്നത്.
പാൽ വിൽക്കുന്നവരും കൂലിപ്പണി ചെയ്യുന്നവർ പോലും ഓരോ ലിറ്റർ പെട്രോളിനും നികുതി അടയ്ക്കുന്നുണ്ട്.
അതിൽ ഇളവുവേണമെന്ന ആവശ്യവുമായി അവരാരും കോടതിയെ സമീപിക്കുന്നില്ല. -ജസ്റ്റീസ് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു.
2015ൽ ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് ഗോസ്റ്റ് കാറിനു പ്രവേശന നികുതി ചുമത്തിയതു ചോദ്യം ചെയ്താണു ധനുഷ് കോടതിയെ സമീപിച്ചത്.
കോടതി കേസ് പരിഗണിച്ചപ്പോൾ നികുതി പൂർണമായും അടയ്ക്കാൻ തയാറാണെന്നും കേസ് പിൻവലിക്കുകയാണെന്നും ധനുഷിന്റെ അഭിഭാഷകന് അറിയിച്ചെങ്കിലും സിനിമാതാരങ്ങൾ നികുതിയിളവിനുവേണ്ടി സമീപിക്കുന്നതിനെ കോടതി രൂക്ഷമായി വിമർശിക്കുകയായിരുന്നു.
നികുതിയിളവ് ആവശ്യവുമായി തമിഴ് സൂപ്പർസ്റ്റാർ വിജയും കോടതിയെ സമീപിച്ചിരുന്നു. വിജയിന്റെ ഹർജി തള്ളിയ കോടതി ഒരു ലക്ഷം രൂപ പിഴയിട്ടു.
ജസ്റ്റീസ് എസ്.എം. സുബ്രഹ്മണ്യമായിരുന്നു വിജയിനെതിരേ നടപടിയെടുത്തത്. നടനെതിരേ കോടതി രൂക്ഷ വിമർശനമുയർത്തിയിരുന്നു. സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ മകൾ ഐശ്വര്യയാണ് ധനുഷിന്റെ ഭാര്യ.