ചെന്നൈ: പ്രശസ്ത തമിഴ് നടൻ ധനുഷ് ആരുടെ മകനാണെന്നതിനെ സംബന്ധിച്ചുള്ള കേസ് പുതിയ വഴിത്തിരിവിലേക്ക്. ധനുഷിന്റെ ദേഹത്തുള്ള അടയാളങ്ങൾ ലേസർചികിത്സ വഴി മായ്ച്ചുകളയാൻ ശ്രമിച്ചതായി പരിശോധനയിൽ കണ്ടെത്തി. ഇന്നലെയാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. ഇതോടെ ധനുഷിനെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കതിരേശൻ ആവശ്യപ്പെട്ടു.
ഫെബ്രുവരി 28-ന് കോടതിയിൽ മെഡിക്കൽ സംഘം ധനുഷിന്റെ ദേഹത്തെ അടയാളങ്ങൾ പരിശോധിച്ചിരുന്നു. ഈ പരിശോധനാ റിപ്പോർട്ടിലാണ് ധനുഷ് ദേഹത്തെ അടയാളങ്ങൾ ലേസർ ചികിത്സവഴി മായ്ച്ചതായി കണ്ടെത്തിയത്. കേസിന്റെ തുടർവിചാരണ മാർച്ച് 27-ലേക്കു മാറ്റി. ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശൻ- മീനാക്ഷി ദന്പതികളാണ് മേലൂർ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നത്.
ധനുഷ് മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും പ്രായംചെന്ന തങ്ങളുടെ ചെലവിലേക്ക് പ്രതിമാസം 65,000 രൂപ വീതം നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനനസർട്ടിഫിക്കറ്റുൾപ്പെടെയുള്ള രേഖകളും ദന്പതിമാർ കോടതിയിൽ ഹാജരാക്കിയിരുന്നു.
വൃദ്ധദമ്പതിമാരുടെ അവകാശവാദം നിഷേധിച്ച ധനുഷ്, താൻ നിർമാതാവും സംവിധായകനുമായ കസ്തൂരിരാജയുടെയും വിജയലക്ഷ്മിയുടെയും മകനാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച ആശുപത്രി രേഖകളും കോടതിയിൽ സമർപ്പിച്ചു. ദന്പതിമാർ അവകാശപ്പെട്ടതു പോലെ തന്റെ കഴുത്തിലും കൈയിലും കാക്കാപ്പുള്ളിയുണ്ടെന്നതും ധനുഷ് നിഷേധിച്ചിരുന്നു. ധനുഷിൽ നിന്ന് പണം തട്ടാനാണ് ദന്പതിമാർ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വക്കിലിന്റെ വിശദീകരണം.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഇനി ഡി എൻഎ പരിശോധനക്ക് കോടതി തയ്യാറാകുമോ എന്നാണ് നിയമകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. മികച്ച നടനുള്ള ദേശീയ അവാർഡ് വരെ വാങ്ങിയ ധനുഷ് തമിഴകം ആരാധിക്കുന്ന സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മരുമകൻ കൂടി ആയതിനാൽ തമിഴ് ചലച്ചിത്ര ലോകവും എന്തിനേറെ തമിഴകം മൊത്തവും കോടതി വിധിക്കായി കാത്തിരിക്കുകയാണ്.
“ഞങ്ങൾ മാതാപിതാക്കൾ അല്ല, എന്ന് ധനുഷ് പറഞ്ഞാൽ പിന്നെ അവകാശവാദവുമായി വരില്ലന്നാണ് ’ ഒരു ചാനൽ പരിപാടിയിൽ ധനുഷിന്റെ മാതാപിതാക്കൾ എന്ന് അവകാശപ്പെടുന്നവർ പറഞ്ഞിരുന്നത്.