തമിഴ് നടൻ ധനുഷിനെതിരേ പരസ്യമായി വിമർശനമുന്നയിച്ചതിനു പിന്നാലെ ഇതിനു പിന്നാലെ നയൻതാരയെയും ധനുഷിനെയും വിമർശിച്ചും അനുകൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രചരണം ശക്തമാകുന്നു.
ധനുഷ് നിര്‍മാതാവായ നാനും റൗഡി താൻ സിനിമയിലെ ഭാഗങ്ങൾ നയൻതാരയെക്കുറിച്ചുള്ള നെറ്റ് ഫ്ലിക്സിന്റെ ഡോക്യൂമെന്ററിയിൽ ഉപയോഗിക്കുന്നതിനെ ചൊല്ലിയുളള തർക്കം കഴിഞ്ഞ ദിവസമാണ് മറനീക്കി പുറത്ത് വന്നത്.
നാനും റൗഡി താൻ ചിത്രം നിർമാതാവ് ധനുഷിന് നഷ്ടമായിരുന്നുവെന്നാണ് വാദം. ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള പാർവതി തിരുവോത്ത് , അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസൻ അടക്കം താരങ്ങൾ നയൻതാരയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ശ്രുതി ഹാസൻ അടക്കം നടിമാർ പിന്തുണച്ചെങ്കിലും, മലയാളി നടിമാർ മാത്രമാണ് നയൻതാരയെ പിന്തുണക്കുന്നതെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്.
വിഷയത്തിൽ ധനുഷ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. നയൻതാരയുടെ ജീവിതം പ്രമേയമായി, ജന്മദിനമായ നവംബർ 18ന് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ നയന്‍താര ബിയോണ്ട് ദ ഫെയറിടേൽ ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന സിനിമയിലെ രംഗങ്ങൾ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് പരസ്യ പോരിലെത്തിയത്. ധനുഷ് നിർമിച്ച 2015ൽ പുറത്തിറങ്ങിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംവിധായകൻ വിഘ്നേഷ് ശിവനുമായി നയൻതാര സൗഹൃദത്തിലാകുന്നത്. പിന്നീട് ഇരുവരും വിവാഹിതരായി.
വ്യക്തിജീവിതത്തിൽ വഴിതിരിവായ സിനിമയിലെ രംഗങ്ങൾ ഡോക്യൂമെന്ററിയിൽ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് വർഷം ധനുഷിന് പിന്നാലെ നടന്നെങ്കിലും പ്രതികരണം ഉണ്ടായില്ല. ഒടുവിൽ സിനിമാ വിജയാഘോഷത്തിനിടെ വിഘ്നേഷ് സ്വന്തമായി ചിത്രീകരിച്ച മൂന്നു സെക്കൻഡ് ദൃശ്യങ്ങൾ ഡോക്യുമെന്ററി ട്രെയിലറിൽ ഉൾപ്പെടുത്തിയതിന്റെ പേരിൽ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് വക്കീൽ നോട്ടീസ് അയച്ചു.
ഇതു തന്റെ ഹൃദയം തകർത്തെന്നും ധനുഷിന്റെ സ്വഭാവം എന്തെന്ന് വ്യക്തമായെന്നും നടന് അയച്ച തുറന്ന കത്തിൽ നയൻതാര പറയുന്നു. പത്തു വർഷമായിട്ടും തന്നോടും വിഘ്നേഷിനോടും ഇങ്ങനെ പക സൂക്ഷിക്കുന്നത് എന്തിനാണ്? ഓഡിയോ ലോഞ്ചുകളിൽ നിഷ്കളങ്കരായ ആരാധകർക്ക് മുന്നിൽ കാണിക്കുന്നതല്ല ധനുഷിന്റെ യഥാർഥ മുഖം എന്ന് ഞങ്ങൾക്കറിയാം. പകർപ്പകവകാശം എന്നു ന്യായീകരിച്ച് രാജ്യത്തെ കോടതികളിൽ പിടിച്ചുനിൽക്കാനായേക്കും. എന്നാൽ ദൈവത്തിന്റെ കോടതിയിൽ ധനുഷ് ഉത്തരം പറയേണ്ടി വരുമെന്നും ലേഡി സൂപ്പർ സ്റ്റാർ തുറന്നടിച്ചു.
മൂന്ന് പേജ് തുറന്ന കത്തിൽ മറ്റുള്ളവരുടെ ദൗർഭാഗ്യത്തിൽ സന്തോഷിക്കുന്ന ധനുഷ്, മുഖംമൂടിയുമായി ജീവിക്കുന്ന വ്യക്തി ആണെന്നും നയൻതാര ആരോപിക്കുന്നു. തമിഴ്നാട്ടിലെ ജനങ്ങൾ ധനുഷിന്റെ സ്വേച്ഛാധിപത്യ പ്രവണത തിരിച്ചറിയണം. ധനുഷില്‍ നിന്ന് എന്‍ഒസി ലഭിക്കാത്തതിനാല്‍ തങ്ങള്‍ക്ക് ഡോക്യുമെന്ററി റീ എഡിറ്റ് ചെയ്യേണ്ടി വന്നുവെന്നും അതാണ് ഡോക്യുമെന്ററിയുടെ റിലീസ് വൈകാനുള്ള കാരണമെന്നും നയന്‍താര പറയുന്നുണ്ട്. ഇതിനു പിന്നാലെ നിരവധി താരങ്ങളാണ് ധനുഷിനെതിരേ വിമർശനവുമായി വന്നത്.