മാന്നാർ: ബുധനൂർ പരാശക്തി ബാലികാ സദനത്തിലെ ധന്യ ഇനി സനുവിനു സ്വന്തം. ഇന്നലെയാണ് നൂറനാട് പണയിൽ കാവുള്ള വടക്കതിൽ എൻ. സനുവും ധന്യയും തമ്മിലുള്ള വിവാഹം പകൽ 11 .35 നും 11 .55 നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ബുധനൂർ ശ്രീ കുന്നത്തൂർ കുളങ്ങര ദേവീ സന്നിധിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്നത്.
ബുധനൂർ ഗ്രാമസേവാ പരിഷത്തിന്റെ കീഴിൽ 13 വർഷമായി പ്രവർത്തിച്ചുവരുന്ന പരാശക്തി ബാലിക സദനത്തിലെ 40 സഹോദരിമാരുടെ ചേച്ചിയായ ധന്യ സനുവിന്റെ ജീവിത പങ്കാളിയാകുന്പോൾ ബാലികാ സദനത്തിനും ഇതു ധന്യമുഹൂർത്തം.
നിരവധി പെണ്‍കുട്ടികൾക്ക് മികച്ച ജീവിത സൗകര്യവും ഉയർന്ന വിദ്യാഭ്യാസവും നൽകിവരുന്ന ബാലികാസദനത്തിൽ ഇതു നാലാമത്തെ വിവാഹമാണ്.
നിരാലംബരായ ബാലികമാരെ കണ്ടെത്തി മികച്ച വിദ്യാഭ്യാസം നൽകി അവരെ സ്വയം പര്യാപ്തരാക്കി ഭാവിയുടെ വാഗ്ദാനങ്ങളാക്കുക എന്നതാണ് ബാലികാസദനം ലക്ഷ്യമാക്കുന്നത്.
ഇതിനായി എന്നും സമൂഹത്തിൽനിന്നും കൈത്താങ്ങ് ഉണ്ടായിട്ടുണ്ട്. ആലപ്പുഴ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി, ശിശുസംരക്ഷണവകുപ്പ്, സാമൂഹ്യനീതിവകുപ്പ്, രാഷ്്ട്രീയ, സാംസ്കാരിക, സാമുദായിക നേതാക്കൾ തുടങ്ങിയവർ ധന്യ യ്ക്ക് എല്ലാവിധ പിന്തുണയും ആശംസകളും നേർന്നു.
ചടങ്ങിനു ബുധനൂർ ഗ്രാമസേവാ പരിഷത്ത് ഭാരവാഹികളായഎ.ജി. സജു, എം.ആർ. രാജീവ് കമ്മിറ്റി അംഗങ്ങളായി ടി.എ. തന്പി, എസ്. സനൂപ്, എം.പ്രമോദ് , എം. ആർ. രാജേഷ്, സി. ജി. ഗോപകുമാർ, കെ. എസ്. ഹരികുമാർ എന്നിവർ നേതൃത്വം നൽകി.