നിക്ഷേപകരെ കൈയിലെടുക്കുന്ന രീതിയിലുള്ള പെരുമാറ്റവും സമീപനവും! സിനിമാ നടി ഉള്‍പ്പെട്ട ഫ്‌ളാറ്റ് തട്ടിപ്പില്‍ അന്വേഷണം മറ്റു സിനിമാക്കാരിലേക്ക് ?

dhanya and hus

പേരൂര്‍ക്കട: തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫഌറ്റുകള്‍ നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതായി പോലീസിനു സൂചന ലഭിച്ചു.    പേരൂര്‍ക്കട അമ്പലമുക്ക് മുട്ടട കളിവീണ വീട്ടില്‍ ചലച്ചിത്ര നടി ധന്യ മേരി വര്‍ഗ്ഗീസ് (30), ഭര്‍ത്താവ് ജോണ്‍ ജേക്കബ് (33), ഇയാളുടെ സഹോദരന്‍ സാമുവല്‍ ജേക്കബ് (27) എന്നിവരാണ് ഫഌറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നത്.

300ഓളം തട്ടിപ്പുകളാണ് മൂവര്‍സംഘം നടത്തിയിരിക്കുന്നതെന്നാണ് പോലീസ് അന്വേഷണത്തില്‍ നിന്നു വ്യക്തമാകുന്നത്. തട്ടിപ്പിന് ചലച്ചിത്ര താരങ്ങള്‍ ഇരയായിട്ടുള്ളതായി പറയുന്നില്ലെങ്കിലും തട്ടിപ്പുസംഘത്തിനൊപ്പം ചില ചലച്ചിത്രതാരങ്ങള്‍ പങ്കുചേര്‍ന്നിട്ടുള്ളതായാണ് പോലീസിന് ലഭിക്കുന്ന വിവരം.

നെയ്യാറ്റിന്‍കര താലൂക്കു മുതല്‍ തിരുവനന്തപുരം ജില്ലയുടെതന്നെ മിക്ക പ്രദേശങ്ങളിലും തട്ടിപ്പ് നടന്നുവെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമാകുന്നത്. അറസ്റ്റ് സ്ഥിരീകരിക്കപ്പെട്ടതോടെ വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികളില്‍ മിക്കവരും പോലീസുമായി ബന്ധപ്പെട്ട് പരാതി നല്‍കിവരികയാണെന്നാണു സൂചന.

തുടക്കത്തില്‍ ഇടപാടുകാരുടെ വിശ്വാസമാര്‍ജ്ജിക്കുന്ന രീതിയിലായിരുന്ന തട്ടിപ്പുസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ആദ്യമാദ്യം നിക്ഷേപകരെ കൈയിലെടുക്കുന്ന രീതിയില്‍ പെരുമാറ്റവും സമീപനവും നടത്തിയതോടെ ഇതറിഞ്ഞ് കൂടുതല്‍ നിക്ഷേപകര്‍ എത്തുകയായിരുന്നു. വാസ്തവത്തില്‍ 2 മുതല്‍ 5 വരെ ഫഌറ്റുകള്‍ ഒരേസമയം നിര്‍മ്മിക്കാനുള്ള ശേഷിമാത്രമേ മുട്ടടയിലെ സാംസണ്‍ ആന്റ് സണ്‍സ് ബില്‍ഡേഴ്‌സ് ആന്റ് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും അതിന്റെ ഉടമകള്‍ക്കും ഉണ്ടായിരുന്നൂള്ളൂ.

എന്നാല്‍ ഒരേസമയം 14 സൈറ്റില്‍വരെയാണ് നിര്‍മാണം നടന്നുവന്നിരുന്നത്. ഇതോടെ കോടിക്കണക്കിന് രൂപ ഇവരുടെ കൈകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഈ പണം എന്തുചെയ്യണമെന്നറിയാനാകാത്ത അവസ്ഥയുമുണ്ടായി. പോലീസിന്റെ കണ്ടെത്തല്‍ പ്രകാരം ഈ പണം എവിടെയോ നിക്ഷേപമായി ഉണ്ടായിരിക്കാം. അല്ലെങ്കില്‍ അതുപയോഗിച്ച് ഇവര്‍ വസ്തുക്കളോ മറ്റോ വാങ്ങിയിരിക്കാം. നിക്ഷേപകരെ ചതിക്കുക എന്ന പൂര്‍ണ്ണമായ ലക്ഷ്യം ഇവര്‍ക്കുണ്ടായിരുന്നില്ല എന്നാണ് പോലീസ് നല്‍കുന്ന സൂചന. അറസ്റ്റിലാകുമ്പോഴും, തങ്ങള്‍ പണം പൂര്‍ണമായി തിരിച്ചുനല്‍കുമെന്നാണ് അറസ്റ്റിലായവര്‍ വ്യക്തമാക്കിയിരുന്നത്. നാഗര്‍കോവിലില്‍നിന്ന് അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.  ഇവരെ പോലീസ് ഉടന്‍തന്നെ കസ്റ്റഡിയില്‍ വാങ്ങും.

കൂടുതല്‍ തെളിവെടുപ്പ് നടത്തുന്നതിനാണ് ഇത്. മുട്ടട കേന്ദ്രീകരിച്ചുതന്നെ നിരവധി പേരില്‍നിന്ന് പണം ഇവര്‍ കൈപ്പറ്റിയിട്ടുണ്ട്. മുട്ടട സ്വദേശിയായ ഒരാളില്‍നിന്ന് ലക്ഷങ്ങളാണ് ജോണ്‍ ജേക്കബും മറ്റുള്ളവരും വാങ്ങിയത്.
മിക്കവാറും വിദേശരാജ്യങ്ങളില്‍ ഇപ്പോള്‍ ജോലിചെയ്തുവരുന്ന സമ്പന്നര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിച്ചതായി വിവരമുണ്ട്. ഇടപാടുകാരില്‍നിന്നു ലഭിക്കുന്ന തുക ഉപയോഗിച്ച് ബാങ്ക് ലോണ്‍ തരപ്പെടുത്തിയെടുക്കുന്നതിലൂടെ ആ വകയിലും തട്ടിപ്പുകാര്‍ക്ക് ബാദ്ധ്യതകള്‍ വന്നുചേര്‍ന്നു. പിടിക്കപ്പെടുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഇവര്‍ ഇന്ത്യയിലെ വന്‍ നഗരങ്ങളിലേക്ക് ഒളിവില്‍പ്പോയത്.

സാംസണ്‍ ആന്റ് സണ്‍സ് ബില്‍ഡേഴ്‌സ് തങ്ങളുടെ പണി സൈറ്റുകള്‍ സജീവമാക്കാന്‍ തുടങ്ങിയിട്ട് 5 വര്‍ഷത്തോളമേ ആയിട്ടുള്ളൂ. ചുരുങ്ങിയ എണ്ണം ഫഌറ്റുകള്‍ മാത്രം പണിചെയ്യാന്‍ കഴിവുളള ഇവരെ ഇടപാടുകാര്‍ കൂടുതല്‍ വിശ്വസിച്ചതാണ് പ്രശ്‌നങ്ങളിലേക്കെത്തിച്ചത്. നിലവില്‍ പണി ചെയ്തുവന്ന എല്ലാ സൈറ്റുകളിലെയും വര്‍ക്കുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. തട്ടിപ്പിനിരയായവര്‍ ഇന്നു മുട്ടടയില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ധര്‍ണ്ണയും പ്രതിഷേധപരിപാടികളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയുമാണ്.

Related posts