തിരുവനന്തപുരം: ഹൈക്കോടതി വിധിക്കു ശേഷം അഗസ്ത്യാർകൂടത്തിൽ പ്രവേശിക്കുന്ന ആദ്യ വനിതയായി ധന്യ സനൽ. കേന്ദ്ര പ്രതിരോധമന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഓഫീസറായ ധന്യ ഇതോടെ അഗസ്ത്യാർകൂടത്തിൽ പതിഞ്ഞ ആദ്യ പെൺപാദത്തിനു ഉടമയായി. അഗസ്ത്യാർകൂടത്തിലേക്കുള്ള ട്രക്കിംഗ് സംഘത്തിലെ ഏക വനിതയായിരുന്നു ധന്യ.
ബോണക്കാടിലെ ബേസ് ക്യാമ്പിൽ നിന്ന് ആരംഭിച്ച യാത്ര ചൊവാഴ്ച ബേസ് ക്യാമ്പിൽ എത്തി. മലപ്പുറം മഞ്ചേരി സ്വദേശിനിയും നഴ്സിംഗ് ബിരുദധാരിയുമാണ് ധന്യ സനൽ. കാടിനെയും കാടിന്റെ അനുഭവങ്ങളെയും അടുത്തറിയുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് ധന്യ പിടിഐയോട് പറഞ്ഞു. തിങ്കളാഴ്ച ബോണക്കാടിൽ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 200ഓളം കാണി വിഭാഗക്കാർ ധന്യാ സനൽ അടങ്ങുന്ന സംഘത്തിന്റെ മലകയറ്റത്തെ എതിർത്ത് പ്രതിഷേധം നടത്തിയിരുന്നു.
നെയ്യാർ വന്യജീവി സങ്കേതത്തിന് സമീപം 1,868 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യ മലയിൽ എത്തണമെങ്കിൽ 22 കിലോമീറ്ററോളം ട്രക്കിംഗ് നടത്തണം.വനം വകുപ്പ് സംഘടിപ്പിക്കുന്ന ട്രക്കിംഗിൽ 100 പേരടങ്ങുന്ന സംഘത്തെയാണ് ഒരു ദിവസം അഗസ്ത്യമലയിലേക്ക് കടത്തിവിടുന്നത്. 47 ദിവസം നീണ്ടു നിൽക്കുന്ന ട്രക്കിംഗിന് 4,700 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 100 പേർ വനിതകളാണ്.