പിറവം: സിഎ വിദ്യാര്‍ഥിനിയായ യുവതി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണന്നു പോലീസ്. പിറവം പള്ളിക്കാവിന് സമീപം താമസിക്കുന്ന മരങ്ങോലത്ത് ശ്രേയസ് ഭവനില്‍ മര്‍ച്ചന്റ് നേവി ഓഫീസറായ പി.കെ. പ്രസാദിന്റെ ഭാര്യ ധന്യ ദാസ് (30) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ പാഴൂര്‍ പടിപ്പുര റോഡില്‍ നെല്ലിക്കല്‍ കടവിന് സമീപം പുഴയുടെ ഓരത്ത് മൃതദേഹം കിടക്കുന്നത് നാട്ടുകാരാണ് കണ്ടെത്തിയത്. കടവില്‍ കുളിക്കാനെത്തിയ നാട്ടുകാര്‍ കരയില്‍ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. പുഴയുടെ തീരത്ത് ചെരുപ്പുകളും ബാഗും കണ്ടതോടെ സംശയം തോന്നിയ ഇവര്‍ പരിസരം ശ്രദ്ധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. കടവില്‍ നിന്നും 20 മീറ്റര്‍ അകലെ വള്ളിപ്പടപ്പിനുള്ളില് മൃതദേഹം പൊങ്ങിക്കിടക്കുകയായിരുന്നു.
മൃതദേഹം കരയ്ക്കടുപ്പിച്ചപ്പോള്‍ ദേഹത്ത് ആഭരണങ്ങളൊന്നുമില്ലായിരുന്നു. കൂടാതെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും, മുഖം കഴുകാനായി മറ്റോ കടവിലെത്തിയപ്പോള്‍ കാല്‍വഴുതി പുഴയില്‍ വീണതായിരിക്കാമെന്ന് ധന്യയുടെ പിതാവ് പോലീസില്‍ മൊഴിയും നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് മരണത്തില്‍ ദുരൂഹത നിഴലിച്ചിരുന്നു. പിന്നീട് പോലീസ് ധന്യയുടെ പിറവത്തെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് ആത്മഹത്യകുറിപ്പ് കണ്ടെത്തിയത്. കിടപ്പുമുറിയില്‍ ലെറ്റര്‍ പാഡിലാണ് കുറിച്ചുവെച്ചിരുന്നത്. ധാരാളം പഠനം നടത്തിയിട്ടും ഉദ്ദേശിച്ച രീതിയില്‍ മെച്ചപ്പെടാന്‍ സാധിക്കുന്നില്ലെന്നും മറ്റും ഇതില്‍ സൂചിപ്പിച്ചിട്ടുണ്ടെന്ന് പിറവം എസ്ഐ കെ. ബിജുകുമാര്‍ പറഞ്ഞു.
ധന്യ സ്കൂട്ടര്‍ റോഡില്‍ വെച്ച ശേഷമാണ് പുഴയിലെക്ക് ഇറങ്ങിയത്. തീരത്തുവെച്ചിരുന്ന ബാഗില്‍ തിരിച്ചറിയല്‍ രേഖകളും ഫോട്ടോകളും മറ്റുമുണ്ടായിരുന്നതിനാല്‍ യുവതിയെ വളരെ വേഗം തിരിച്ചറിയാന്‍ സാധിച്ചു. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. മൃതദേഹത്തില്‍ ആഭരണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇത് സ്കൂട്ടിറില്‍ നിന്നോ, ബാഗില്‍ നിന്നോ കണ്ടെത്താനായിട്ടില്ല.
ഭര്‍തൃമാതാവിനും ഏക മകനുമൊപ്പം പള്ളിക്കാവിന് സമീപമുള്ള വീട്ടിലാണ് ധന്യ താമസിച്ചുവന്നിരുന്നത്. കളമശേരിയില്‍ സിഎയ്ക്ക് പഠനം നടത്തുന്നുമുണ്ടായിരുന്നു. വൈയ്ക്കത്തുള്ള ധന്യയുടെ വീട്ടില്‍ മകനെ നിര്‍ത്തിയ ശേഷം മടങ്ങിയെത്തിയാണ് സംഭവമുണ്ടായത്. കടവില്‍ നിന്നും കുറച്ചകലെ ധന്യയുടെ ഭര്‍ത്താവിന് 12 സെന്റോളം ഭൂമിയുണ്ട്. ഇടയ്ക്ക് ധന്യ ഇവിടെ വരാറുമുണ്ട്. ഒരു മാസം മുമ്പാണ് ഭര്‍ത്താവ് ദാസ് നാട്ടില്‍ നിന്നും ജോലിസ്ഥലത്തേക്ക് തിരിച്ചുപോയത്. വൈക്കം ആറാട്ടുകുളങ്ങര മേടയില്‍ കുടുംബാഗമാണ് ധന്യ. മൃതദേഹം ഇന്ന് പിറവം ഗവണ്മെന്റ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈക്കത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും. ഭര്‍ത്താവ് പ്രസാദ് ഇന്ന് ഉച്ചയ്ക്കുശേഷം നാട്ടിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.