മൂവാറ്റുപുഴ: വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന ധന്യയെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തി ഗോപകുമാർ. ഇരുവരുടെയും വിവാഹചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു.
മൂവാറ്റുപുഴ ആരക്കുഴ ഇഞ്ചിക്കണ്ടത്തിൽ സെൽവരാജിന്റെ മകൻ ഗോപകുമാറും മൂവാറ്റുപുഴ മോഡൽ ഹൈസ്കൂളിനു സമീപം പുറമാടത്തോട്ടത്തിൽ പി.എൻ. ഗോപിനാഥന്റെ മകൾ ധന്യയും തമ്മിലുള്ള വിവാഹം കഴിഞ്ഞ മാസമായിരുന്നു.
എംഎ ബിരുദാനന്തര ബിരുദക്കാരിയായ ധന്യയ്ക്കു 19-ാം വയസിൽ ഡിഗ്രിക്കു പഠിക്കവേ നട്ടെല്ലിനു ട്യൂമർ ബാധിക്കുകയായിരുന്നു.
ഇതോടെ ശരീരം പാതി തളർന്നു വീൽചെയറിലായെങ്കിലും ചികിത്സയുടെ ഇടവേളകളിൽ പഠിച്ച് ഇംഗ്ലീഷിൽ ബിരുദവും ബിരുധാനാന്തര ബിരുദവും നേടി. നിലവിൽ അബാക്കസ് അറിവ് വിദ്യാർഥികൾക്ക് പകർന്നുകൊടുത്തു വരുന്നു.
അംഗവൈകല്യമുള്ളവരുടെ കൂട്ടായ്മയായ തണൽ ഫ്രീഡം ഓണ്‍ വീൽസിന്റെ പ്രധാന ഗായിക കൂടിയായ ധന്യയ്ക്കൊപ്പം ഇനി ഗോപകുമാറുമുണ്ടാകും.
ലോട്ടറി വിൽപനടത്തിയിരുന്ന ഗോപകുമാർ കോവിഡ് കാലത്ത് ഐസ്ക്രീം വ്യാപാരമേഖലയിൽ മാർക്കറ്റിംഗ് ജീവനക്കാരനായി ജോലി ചെയ്തുവരികയാണ്.
വീട്ടുകാർ ആലോചിച്ചാണു വിവാഹം നടത്തിയതെന്നും ധന്യയുടെ മനസിന്റെ സൗന്ദര്യമാണ് തന്നെ ആകർഷിച്ചതെന്നും ഗോപകുമാർ പറയുന്നു.