തലശേരി: ധർമടം ചിറക്കുനിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നടന്ന ബോംബാക്രമണം ഉൾപ്പെടെയുള്ള അക്രമ സംഭവങ്ങളിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ ധർമടം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പിടികൂടിയ ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
സംഭവങ്ങളിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനു വേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കി. സി സി ടി വി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടേയും മൊബൈൽ ടവർ കേന്ദ്രീകരിച്ചും നടന്ന അന്വേഷണങ്ങളിലാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുള്ളത്.
ഇന്നലെ പുലർച്ചെ ബോംബാക്രമണം നടന്ന ചിറക്കര ഹൈസ്കൂൾ റോഡിൽ സ്ഥിതി ചെയ്യുന്ന പാടത്തിൽ വിജയന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ബാർബർ ഷോപ്പും സ്ഫോടനത്തിൽ ജനൽ തകർന്ന വീടും ഫോറൻസിക് സംഘവും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധിച്ചു. ഉഗ്ര ശേഷിയുള്ള ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം.
സ്ഫോടനത്തിൽ ബാർബർ ഷോപ്പിന്റെ എസി പൊട്ടിത്തെറിക്കുകയും വീടിന്റെ ജനലുകൾ തകരുകയും ചെയ്തിരുന്നു. കെട്ടിട ഉടമയും ബാർബർ ഷോപ്പ് നടത്തിപ്പുകാരനും തമ്മിൽ വാടക സംബന്ധിച്ച തർക്കമാണെന്ന് സംഭവത്തിന് പിന്നിലെന്ന സൂചനയെ തുടർന്ന് ഇത് സംബന്ധിച്ച കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.
കോൺഗ്രസ് ധർമടം ബ്ലോക്ക് ജനറൽ സെക്രട്ടറി ചിറക്കുനി പാലയാട് സൗരാഗിൽ പി.ടി.സനൽ കുമാറിന്റെ വീടിനു നേരെ നടന്ന രണ്ട് അക്രമം സംഭവങ്ങളിലും ബോംബേറ് സംഭവത്തിലുമായി മൂന്ന് കേസുകളാണ് ധർമടം പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.