തലശേരി: ധർമടത്ത് ആക്രമണം തുടരുന്നു. ഇന്ന് പുലർച്ചെ ബോംബേറുണ്ടായി. ചിറക്കുനിയിൽ ബാർബർ ഷോപ്പിനു നേരെയാണ് ഇന്നു പുലർച്ചെ നാലരയോടെയാണ് ബോംബേറുണ്ടായത്. ചിറക്കര ഹൈസ്കൂൾ റോഡിൽ സ്ഥിതി ചെയ്യുന്ന പാടത്തിൽ വിജയന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ബാർബർ ഷോപ്പ് സ്ഥിതി ചെയ്യുന്നത്.
സ്ഫോടനത്തിൽ ബാർബർ ഷോപ്പിന്റെ എസി പൊട്ടിത്തെറിക്കുകയും തൊട്ടടുത്ത വീടിന്റെ ജനലുകൾ തകരുകയും ചെയ്തു. കെട്ടിട ഉടമയും ബാർബർ ഷോപ്പ് നടത്തിപ്പുകാരനും തമ്മിൽ വാടക സംബന്ധിച്ച തർക്കം നില നിന്നിരുന്നതായി പോലീസ് പറഞ്ഞു.
ഇതാണ് സംഭവത്തിനു പിന്നിലെന്നും സംശയമുയർന്നിട്ടുണ്ട്. കോൺഗ്രസ് ധർമ്മടം ബ്ലോക്ക് ജനറൽ സെക്രട്ടറി ചിറക്കുനി പാലയാട് സൗരാഗിൽ പി.ടി സനൽ കുമാറിന്റെ വീടിനു നേരെ രണ്ട് തവണ അക്രമം നടന്നിരുന്നു. ഈ അക്രമങ്ങൾക്ക് പിന്നിലും ബാർബർ ഷോപ്പ് നടത്തിപ്പുകാരനും കെട്ടിട ഉടമയും തമ്മിലുള്ള തർക്കമാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സനൽ കുമാറിന്റെ വീടിനു നേരെ അക്രമം നടന്നത്. വീടിന്റെ പിൻഭാഗത്തു കൂടി എത്തിയ അക്രമി മൊബൈൽ വെളിച്ചത്തിൽ വീടിന്റെ ജനൽ തകർക്കുകയും കിണർ മലിനമാക്കുകയും ചെയ്തു. രണ്ട് ദിവസം മുമ്പും സനൽ കുമാറിന്റെ വീടിന് നേരെ അക്രമം നടന്നിരുന്നു. മൂന്ന് ജനലുകളാണ് അന്ന് തകർക്കപ്പെട്ടത്. ഈ രണ്ട് സംഭവങ്ങളിലും ധർമ്മടം പോലീസ് കേസ് എടുത്തിരുന്നു.
എന്നാൽ പ്രതികളെ പിടികൂടിയിരുന്നില്ല. ഇതിനിടയിലാണ് വീണ്ടും അക്രമം അരങ്ങേറിയിട്ടുള്ളത്. സനൽകുമാറിന്റെ വീടിനു നേരെ ആദ്യ അക്രമം നടന്ന ദിവസം അക്രമി എത്തിയതെന്ന് സംശയിക്കുന്ന ബൈക്ക് പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. മൂന്ന് ആക്രമണങ്ങളിലും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.