തലശേരി: മദ്യപിച്ചു ലക്ക് കെട്ട് പോലീസ് സ്റ്റേഷനിൽ പരാക്രമം നടത്തിയ ധർമടം പോലീസ് ഇൻസ്പെക്ടർ കെ.വി. സ്മിതേഷിനെതിരേ കേസെടുത്തു.
സ്റ്റേഷനിലെത്തിയ ആളുടെ കാറ് അടിച്ചു തകർത്ത സംഭവത്തിലാണ് സിഐക്കെതിരേ കേസ്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. സിഐ സ്മിതേഷിനെ സർവീസിൽനിന്ന് ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു.
മകനെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ വൃദ്ധയായ അമ്മയ്ക്കും ഒപ്പമുള്ളവർക്കുമെതിരേയുമാണ് സിഐയുടെ പരാക്രമം അരങ്ങേറിയത്.
വയോധിക എത്തിയ കാറിന്റെ ക്ലാസാണ് സിഐ ലാത്തി കൊണ്ട് അടിച്ചു തകർത്തത്. വിഷു ദിവസമായ ശനിയാഴ്ച രാത്രി 11.30 നാണ് ധർമടം പോലീസ് സ്റ്റേഷന്റെ മുറ്റത്ത് നാടകീയമായ രംഗങ്ങൾ അരങ്ങറിയത്.
മദ്യപിച്ച് വാഹനമോടിച്ചതിനാണ് ധർമടം ചാത്തോടത്ത് വച്ച് എസ്ഐ രാഗേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മമ്പറം കീഴത്തൂരിലെ ബിന്ദു നിവാസില്‍ കെ. സുനിൽ കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് ധർമടം പോലീസ് പറയുന്നത്.
എന്നാൽ, എടക്കാടുള്ള ഭാര്യ വീട്ടിൽനിന്നാണ് വൈകുന്നേരത്തോടെ ധർമടം പോലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് സുനിൽകുമാർ പറയുന്നു.
എന്താണ് താൻ ചെയ്ത തെറ്റെന്ന ചോദ്യത്തിന് സ്റ്റേഷനിൽ ചെന്നിട്ട് പറയാം എന്നാണത്രേ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. സ്റ്റേഷനിലെത്തിയതോടെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാൻ കൊണ്ടുപോയി.
തിരിച്ച് സ്റ്റേഷനിലെത്തിച്ചപ്പോൾ അവിടെ എത്തിയ ഇൻസ്പെക്ടർ സ്മിതേഷ് ലാത്തിയുമായി വന്ന് തന്നെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് സുനിൽകുമാർ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ പറയുന്നു.
താൻ വിവരമറിയിച്ചതനുസരിച്ച് മാതാവ് രോഹിണി,സഹോദരി ബിന്ദു, മരുമകന് ദര്ശന് എന്നിവര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇവരെയും ഇൻസ്പെക്ടർ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നും സുനിൽകുമാർ പരാതിപ്പെട്ടു.
ഇൻസ്പെക്ടർ ആക്രോശിക്കുന്നതും ഇവരുടെ കൂടെയുള്ള യുവാവിനെ മർദ്ദിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യത്തിലുണ്ട്.
നേരത്തെ സുനിൽ കുമാറിന്റെ വാഹനം മറ്റൊരു വാഹനവുമായി ഇടിച്ച സംഭവത്തിൽ 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് സിഐ ആവശ്യപ്പെട്ടിരുന്നു.
സുനിൽ കുമാർ ഇവരുമായി സംസാരിച്ച് 3000 രൂപയ്ക്ക് ഒത്തുതീർപ്പുക്കി . ഇതോടെ നിന്നെ കണ്ടോളാമെന്ന് സിഐ പറഞ്ഞതായും സുനിൽകുമാർ പരാതിയിൽ പറഞ്ഞിരുന്നു.
ഈ സംഭവമാകാം കഴിഞ്ഞ ദിവസത്തെ മർദ്ദനത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നുണ്ട്.
ഏമാന്റെ അഴിഞ്ഞാട്ടം കണ്ട് പോലീസുകാരും ഞെട്ടി!
തലശേരി: മുണ്ട് മടക്കിക്കെട്ടി ടീ ഷർട്ട് ധരിച്ച് കൈയിൽ ലാത്തിയുമേന്തി മദ്യപിച്ച് ലക്ക് കെട്ട സർക്കിൾ ഇൻസ്പെക്ടർ അർധരാത്രിയിൽ സ്റ്റേഷൻ മുറ്റത്ത് അഴിഞ്ഞാടിയപ്പോൾ സ്റ്റേഷനിലെത്തിയവരും ഡ്യൂട്ടിയിലുള്ള പോലീസുകാരും അന്തം വിട്ടു.
സിഐയുടെ അടി കൊണ്ട് വീണ വൃദ്ധയായ സ്ത്രീയുടെനേരേ പാഞ്ഞടുക്കുന്ന സിഐയെ നോക്കി സർ…. ഓള് എണീറ്റോളും സാർ എന്ന് ആവർത്തിച്ചു പറയുന്ന വനിത പോലീസുകാരിയുടെ ദയനീയഭാവവും സിഐയുടെ പരാക്രമം അടങ്ങിയ വീഡിയോയിൽ ദൃശ്യമാണ്.
വീണു കിടക്കുന്ന സ്ത്രീയോട് പലതവണ എണീറ്റ് പോ എന്നലറുന്ന സിഐയോട് തടിയുള്ള അമ്മയാണ് ഞാൻ എഴുന്നേൽപ്പിച്ചോളാം എന്ന് വനിതാ പോലീസ് പലതവണ പറയുന്നുണ്ട്.
അമ്മയെ ഞാൻ പിടിക്കാം … മെല്ലെ എഴുന്നേൽക്കമ്മേ എന്ന വനിതാ പോലീസ് പറയുന്നതിനിടയിൽ തൊട്ടടുത്ത് നിൽക്കുന്ന യുവാവിന് നേരെയായി സി ഐയുടെ കലിപ്പ്. ഞാൻ അമ്മമ്മയെ കൂട്ടാൻ വന്നത്.
സാറ് എന്തിനാ എന്നെ യും വീട്ടിലിരിക്കുന്നവരെയും ചീത്ത പറയുന്നത് എന്നും യുവാവ് സി ഐ യോട് ചോദിക്കുന്നുണ്ട്.
എടുത്തിട്ട് പോടാ – – – നാ— മോനെ എന്നായി പിന്നെ സിഐയുടെ അലറൽ. ഇതുകണ്ട് ഇത് എന്ത് ന്നാ— എന്ന് കരഞ്ഞു കൊണ്ട് ഒരു വനിതാ പോലീസുകാരി സങ്കടം പറയുന്നുണ്ട്.