കോഴിക്കോട്: ബാലുശേരിയിൽ സ്ഥാനാർഥിയാകുമെന്ന ചർച്ചകൾക്കിടെ ജില്ലയിൽ സജീവമായി നടൻ ധർമജൻ ബൊൾഗാട്ടി.
ബാലുശേരി മണ്ഡലത്തിലെ പൊതുപരിപാടികളിൽ സജീവമായ ധർമജൻ ഇന്നലെ കളക്ടറേറ്റിനു മുന്നിൽ നടന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് സമരപന്തലിലും എത്തി.
കുറച്ചുദിവസമായി കളക്ടറേറ്റിനു മുന്നിൽ ഉദ്യോഗാർഥികൾ സമരം നടത്തിവരികയാണ്. ഇവിടെ എത്തിയ ധർമജൻ ഉദ്യോഗാർഥികളുമായി സംസാരിച്ചു.
ബാലുശേരി പഞ്ചായത്തിലെ ഇൻഡോർ സ്റ്റേഡിയം കായിക മേഖലയ്ക്കു വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഇന്നലെ ബാലുശേരിയിൽ ആരംഭിച്ച 48 മണിക്കൂർ ഉപവാസമരവും നടനാണ് ഉദ്ഘാടനം ചെയ്തത്.
വിവാഹവീടുകളിലും പൊതുപരിപാടികളിലും പങ്കെടുത്തുകൊണ്ടാണു മണ്ഡലത്തിൽ ധർമജൻ സജീവമാകുന്നത്. അത്തോളി, കോട്ടൂർ പഞ്ചായത്തുകളിലെ വിവിധ പരിപാടികളിലും ധർമജൻ പങ്കെടുത്തിരുന്നു.
കലാരംഗത്തും പൊതുരംഗത്തുമുള്ളവരെ വീട്ടിലെത്തി കാണുകയും ജില്ലാനേതാക്കളുമായി സംസാരിക്കുകയും ചെയ്തു. ധർമജന്റെ സ്ഥാനാർഥിത്വത്തിനെതിരേ ദളിത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി തുടക്കത്തിൽ തന്നെ പ്രതിഷേധമുയർത്തിയിരുന്നു. സെലിബ്രിറ്റികൾ സംവരണസീറ്റിൽ മത്സരിക്കേണ്ടെന്നായിരുന്നു നിലപാട്.
അതേസമയം മത്സരിക്കാൻ താത്പര്യമുണ്ടെന്ന നിലപാട് ധർമജൻ നേരത്തെ തന്നെ കോണ്ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഏതു സീറ്റിൽ മത്സരിക്കണമെന്നത് പാർട്ടി തീരുമാനിക്കട്ടെയെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചു.
നിലവിൽ മുസ് ലിം ലീഗിന്റെ സീറ്റായ ബാലുശേരി ഇത്തവണ കോണ്ഗ്രസ് ഏറ്റെടുക്കുമെന്നാണു കരുതുന്നത്. പകരം കുന്നമംഗലം ലീഗിനു നൽകുമെന്ന രീതിയിലുള്ള ചർച്ചകളാണു നടക്കുന്നത്.