സ്വന്തം ലേഖകന്‍
ധര്‍മജന്‍ ഇപ്പോള്‍ തിരക്കിലാണ്. ജീവിതത്തില്‍ ഇന്നുവരെ ഇത്രയും തിരക്കനുഭവിച്ചിട്ടില്ലെന്നു ധര്‍മജന്‍ പറയുന്നു. ഒന്നിനു പുറകെ ഒന്നായി ഫോണ്‍ കോളുകള്‍. ഫോണ്‍ വരെ ഹാംഗായി. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ പുറത്തിറങ്ങിയ ശേഷമാണ് ഇത്രത്തോളം ഫോണ്‍ കോളുകള്‍ വരുന്നത്. അല്ലെങ്കില്‍ വലിയ തിരക്കുകളൊന്നും ഇല്ലാതെ സമാധാനമായി ഇരിക്കുകയായിരുന്നു. ഇപ്പോള്‍ കാണുന്നവര്‍ക്കെല്ലാം ചിത്രത്തെക്കുറിച്ചേ പറയാനുള്ളൂ. ചിത്രത്തിലെ ദാസപ്പന്‍ എന്ന എന്റെ കഥാപാത്രത്തെ മലയാളികള്‍ ഏറ്റെടുത്തുവെന്നാണ് തോന്നുന്നത്. “സഹോ’ എന്ന വിളി മലയാളികള്‍ക്കിടയില്‍ ട്രെന്‍ഡായി മാറി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ചിരിയുടെ വിത്തു വിതച്ച ധര്‍മജന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കട്ടപ്പനയിലെ ഋത്വിക് റോഷനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു
വെറുമൊരു കൂട്ടുകാരനല്ല
ദാസപ്പന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. ഓട്ടോ ഡ്രൈവറാണ്. ചിത്രത്തിലെ ഏറ്റവും പോസിറ്റീവായ കഥാപാത്രമാണ് ദാസപ്പന്‍. സിനിമയില്‍ എത്തണമെന്ന മോഹവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ കഥയാണിത്. മലയാളത്തിലെ സ്ഥിരം നായക സങ്കല്പങ്ങളെ തകര്‍ത്തെറിയുന്ന മുഖവും രൂപവുമാണ് നായകനായ വിഷ്ണുഉണ്ണിക്കൃഷ്ണന്‍ അവതരിപ്പിച്ച കിച്ചുവിന്്. വീട്ടുകാരും നാട്ടുകാരുമെല്ലാം അവനെ കളിയാക്കുന്നുണ്ട്. എന്നാല്‍ അവന് ഏറ്റവുമധികം സപ്പോര്‍ട്ട് നല്‍കി അവനൊപ്പം നില്‍ക്കുന്ന കഥാപാത്രമാണ് ദാസപ്പന്‍. ദാസപ്പനെപ്പോലെയുള്ള ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് എല്ലാവരും ആഗ്രഹിക്കും. അതാണ് ഈ കഥാപാത്രിത്തിന്റെ ഗുണം. ഞാനും വിഷ്ണുവും ഒന്നിച്ചുള്ള വര്‍ക്കൗട്ട് മലയാളികള്‍ ഏറ്റെടുത്തു എന്നതാണ് ചിത്രം വിജയിച്ചതിന് കാരണം. ഞാന്‍ എന്ന അഭിനേതാവിന്റെ ഗുണമല്ല ദാസപ്പനെ മലയാളികള്‍ ഏറ്റെടുത്തതിന് കാരണം. അവന്മാര്‍ (തിരക്കഥാകൃത്തുക്കള്‍) എഴുതിവച്ച കഥാപാത്രം എനിക്കു യോജിച്ചുവെന്നതാണ്. എന്റെ ടോണിലാണ് എഴുതിയതെന്നാണ് അവര്‍ പറഞ്ഞത്. ദാസപ്പന്റെ നിഷ്കളങ്കതയും സ്‌നേഹവുമാണ് മലയാളികള്‍ ഏറെ ഏറ്റെടുത്തത്. നായകനിട്ട് ചെറിയ പണികള്‍ നല്‍കാവുന്നിടത്തെല്ലാം ദാസപ്പന്‍ പോകുന്നുണ്ട്. പക്ഷേ അതിലും ഒരു നിഷ്കളങ്കത കണ്ടെത്താനാവും. ആ സൗഹൃദമാണ് മലയാളികള്‍ ഏറ്റെടുത്തത്.
ഡാ ഞാന്‍ അതൊന്നു പറഞ്ഞോട്ടേ..?
കട്ടപ്പനയിലെ ഋത്വിക് റോഷന്റെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നവര്‍ എനിക്ക് അനിയന്മാരെപ്പോലെയാണ്. നമ്മുടെ മനസില്‍ ഈ എഴുത്ത് ഉള്ളതുകൊണ്ട് അവരോട് ഏതെങ്കിലും ഡയലോഗ് “ഡാ ഞാന്‍ അതൊന്നു പറഞ്ഞോട്ടേടാ’ എന്നു ചോദിക്കുന്നതിനുള്ള സ്വാതന്ത്ര്യവും അവകാശവുമെല്ലാം ഉണ്ട്. ചേട്ടാ എന്താ ഇപ്പോള്‍ പറയാന്‍ പോകുന്നേ എന്നേ അവര്‍ ചോദിക്കൂ. മനസില്‍ അത്യാവശ്യം എഴുത്ത് ഉള്ളതുകൊണ്ട് ചീഞ്ഞതൊന്നും പറയില്ലാ എന്നൊരു വിശ്വാസം അവര്‍ക്കുമുണ്ട്. ഈ ചിത്രത്തില്‍ അവര്‍ എഴുതിയതിന് അപ്പുറത്ത് എനിക്ക് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. എന്റെ ടോണിലാണ് സ്ക്രിപ്റ്റ് എഴുതിയതെന്നാണ് അവര്‍ പറഞ്ഞത്. തിരക്കഥാകൃത്തുക്കളെ സംബന്ധിച്ച് ഇതു നല്ല സ്ക്രിപ്റ്റാണെങ്കിലും ചിത്രത്തിനായി പണം മുടക്കാന്‍ ഒരാള്‍ വേണം. വിഷ്ണു ഉണ്ണിക്കൃഷ്ണനെ വച്ചാണു പടം ചെയ്യുന്നത്. രണ്ടാമത്തെ കഥാപാത്രം ചെയ്യുന്നതു ധര്‍മജന്‍ ബോള്‍ഗാട്ടിയാണ്. ഇങ്ങനെ വളരെ കുറഞ്ഞൊരു താരനിരയിലാണു ചിത്രം ഒരുങ്ങിയത്. ഇവരെ നായകരാക്കി ചിത്രം നിര്‍മിക്കാന്‍ ദിലീപേട്ടന്‍ മുന്നോട്ടുവന്നുവെന്നത് വളരെ വലിയൊരു കാര്യമാണ്.
ദിലീപേട്ടന്‍ തന്ന ആത്മവിശ്വാസം
ദിലീപേട്ടന്റെ ചിത്രം പാപ്പി അപ്പച്ചയിലാണ് നായകന്റെ കൂട്ടുകാരനായി ഞാന്‍ ആദ്യം എത്തിയത്. ദിലീപേട്ടന്‍ വിളിച്ചിട്ടു നിനക്കൊരു വേഷം ഉണ്ടെന്നു പറയുകയായിരുന്നു. കാവ്യ തിരിച്ചുവരുന്ന ചിത്രം, ദിലീപിന്റെ കരിയര്‍ എന്നിങ്ങനെ വലിയൊരു ചിത്രമായിരുന്നു അത്. ചിത്രത്തില്‍ നായകന്റെ അടുത്ത കൂട്ടുകാരനായി ഞാന്‍ എത്തിയപ്പോള്‍ പലരും ദിലീപേട്ടനോട് ചോദിച്ചത് അവനെ വച്ചു പടം ചെയ്യണോ എന്നായിരുന്നു. പക്ഷേ ദിലീപേട്ടന്‍ അവന്‍ ചെയ്‌തോളും എന്നാണു പറഞ്ഞത്. അന്ന് വലിയ ചങ്കൂറ്റമായിരുന്നു അദ്ദേഹം കാണിച്ചത്. അതാണ് എന്റെ ആത്മവിശ്വാസം കൂട്ടിയത്.
കട്ടപ്പനയിലെ ഋത്വിക് റോഷന്‍ മുന്നോട്ടുവയ്ക്കുന്ന ഒരു കാര്യം എന്നേപ്പോലെയും വിഷ്ണുവിനേപ്പോലെയും ഉള്ളവര്‍ക്ക് സിനിമയില്‍ എത്താമെന്നണ്. മലയാള സിനിമയിലെ സങ്കല്പങ്ങള്‍ക്കനുസരിച്ചു തുടുത്ത കവിളോ, തൊട്ടാല്‍ ചോര പൊടിയുന്ന മുഖമോ ഞങ്ങള്‍ക്കില്ല. ഞങ്ങളെപ്പോലുള്ള സിനിമ മോഹികളായ ചെറുപ്പക്കാര്‍ക്കും ചെറുപ്പക്കാരികള്‍ക്കും സിനിമയില്‍ ഒരു ഇടം ആഗ്രഹിക്കാം എന്നൊരു ആത്മവിശ്വാസം കൊടുക്കുന്നതാണ് ഈ സിനിമ. ചിത്രത്തിന് പ്രമോഷന്‍ പോലും വേണ്ടെന്നായി ഇപ്പോള്‍. ആളുകള്‍ എന്നാ ഉണ്ട് വിശേഷം എന്നു ചോദിക്കുന്ന കൂടെ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ കണ്ടോ എന്നുകൂടി പരസ്പരം ചോദിക്കുന്നുണ്ട്. ചിത്രം കണ്ടില്ലെങ്കില്‍ “അയ്യോ അതു കണ്ടില്ലേ ശ്ശേ..’ എന്നാണ് ആളുകള്‍ പറയുന്നത്. സിനിമയേക്കുറിച്ച് ഒരുപാട് ആളുകള്‍ വിളിച്ച് നല്ലത് പറയുന്നുണ്ട്. ദിലീപേട്ടന്റെ കല്യാണത്തിന്റെ അന്ന് മമ്മൂട്ടിക്കാ ചേര്‍ത്തു പിടിച്ചിട്ടു പറഞ്ഞതു പടം കണ്ടു. “നീ ആ സിനിമ തിന്നുകളഞ്ഞല്ലോ’ എന്നായിരുന്നു. അത് ഒരു വലിയ സന്തോഷമായിരുന്നു. മമ്മൂട്ടിയെപ്പോലെയുള്ള ഒരു മഹാനടന്‍ ചേര്‍ത്തു പിടിച്ച് ഇങ്ങനെ പറയുമ്പോള്‍ അതു ഭയങ്കര സംഭവമാ..
എനിക്ക് അറിയില്ലെന്റെ പൊന്നോ…
പടമൊന്നും തിരഞ്ഞെടുക്കാന്‍ എനിക്ക് അറിയില്ല. ഇനി പഠിക്കുവോന്നും അറിയില്ല. ഇറങ്ങിയതും ഇറങ്ങാത്തതുമായി അറുപതോളം പടങ്ങളില്‍ അഭിനയിച്ചു. ആരെങ്കിലും വന്ന് സിനിമ പറയുമ്പോള്‍ കേട്ടിട്ട് നല്ലതാണെന്നു തോന്നുകയാണെങ്കില്‍ ചെയ്യുമെന്നല്ലാതെ തിരഞ്ഞെടുത്ത് ചെയ്യാനോ നല്ല കഥാപാത്രമാണെങ്കില്‍ മാത്രം ചെയ്യാനോ ഒന്നും എനിക്കറിയില്ല. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ കഴിഞ്ഞതിനു പിന്നാലെ കുറേ പേര്‍ ചിത്രത്തില്‍ അഭിനിയിക്കുന്നതിനായി വിളിക്കുന്നുണ്ട്.
സ്‌റ്റേജ് ഷോകള്‍ ഉള്ളതിനാല്‍ ഡേറ്റ് ഇല്ലെന്നു പറഞ്ഞാല്‍ അവര്‍ക്കു മനസിലാകില്ല. അവസാനം അവര്‍ വഴക്കിട്ട് ഫോണ്‍ വയ്ക്കും. പല വലിയ സംവിധായകരും വിളിക്കാറുണ്ട്. പണ്ട് അവരുടെ പടത്തില്‍ അഭിനയിക്കാന്‍ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്ന കാലമുണ്ടായിരുന്നു പക്ഷേ പലപ്പോഴും അവര്‍ വിളിക്കുമ്പോള്‍ പോകാന്‍ പറ്റില്ല. അതോടെ അവര്‍ക്ക് ചിലപ്പോള്‍ വഴക്കാവും “ദേ അവന്‍ വിളിച്ചിട്ട് വന്നില്ല’ എന്നു പറയും. ഒരു തവണ ഡേറ്റ് ഉറപ്പിച്ചുകഴിയുമ്പോഴായിരിക്കും അടുത്ത സംവിധായകന്‍ വിളിക്കുന്നത്. പക്ഷേ തല പോയാലും കൊടുത്ത വാക്ക് മാറ്റില്ല.
അഭിനയം കൊടുക്കപ്പെടും
അറുപതോളം പടങ്ങളില്‍ ഞാന്‍ അഭിനയിച്ചു എന്ന് പറയുമ്പോള്‍ ആളുകള്‍ “ആണോ’ എന്നു ചോദിക്കാറുണ്ട്. ഞാന്‍ എഴുതിയൊന്നും വച്ചിട്ടില്ല. വിക്കിപീഡിയയിലും മറ്റുമൊക്കെ നോക്കിയപ്പോള്‍ കിട്ടിയ എണ്ണവും ഇറങ്ങിയതും ഇറങ്ങാത്തതുമായ ചിത്രങ്ങളുടെ എണ്ണവുമൊക്കെ വച്ചുനോക്കുമ്പോള്‍ ശരിയാണ്. പക്ഷേ ഇപ്പോഴാണ് ഒരു അംഗീകാരം കിട്ടിയത് എന്നുമാത്രം. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുപോകാന്‍ മാത്രമൊന്നും ആയിട്ടില്ല ഞാന്‍. സീരിയസ് കഥാപാത്രങ്ങള്‍ കിട്ടുന്നില്ലെന്ന വിഷമവും ഇല്ല. കിട്ടിയത് എല്ലാം ബോണസാണ്. ചില വേഷങ്ങള്‍ കാണുമ്പോള്‍ ഈ വേഷം കിട്ടായിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായി ഞാന്‍ ചെയ്‌തേനെ എന്ന് തോന്നാറുണ്ട,് എന്നാല്‍ കിട്ടുന്നില്ലല്ലോ. അഭിനയിക്കാന്‍ കഴിവുണ്ടായതുകൊണ്ടൊന്നും കാര്യമില്ല. അതിനു ഭാഗ്യവും പിന്നെ വേറെ എന്തൊക്കെയോ വേണം. അതൊന്നും എനിക്കറിയില്ല. അഭിനയം കൊടുക്കപ്പെടും എന്ന് എഴുതിവയ്ക്കാം എന്നല്ലാതെ വേറൊന്നും എനിക്ക് അറിയില്ല. ആരെങ്കിലും വേഷം തന്നാല്‍ ആത്മാര്‍ഥമായി ചെയ്യും അതില്‍ ഉഴപ്പു കാണിക്കില്ല. പക്ഷേ കിട്ടണമല്ലോ.
പേരിലാണ് എല്ലാം
ഒരു പേരില്‍ എന്തിരിക്കുന്നുവെന്നു ചോദിച്ച മഹാന്മാരുണ്ട്. പക്ഷേ ഒരു പേരിലാണ് എല്ലാമിരിക്കുന്നത്. പ്രധാന പ്രശ്‌നം നമ്മളോടു ചോദിച്ചിട്ടല്ലല്ലോ ആരും നമുക്കു പേര് ഇടുന്നത് എന്നതാണ്. കിട്ടുന്ന പേരുംകൊണ്ട് അങ്ങു നടക്കുകയെന്നല്ലാതെ നമുക്ക് എന്തു ചെയ്യാന്‍ പറ്റും. ഇപ്പോള്‍ ഒരു പേരിടുമ്പോള്‍ ആളുകള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കുന്നത്. ആല്‍ഫബെറ്റിക് ഓര്‍ഡര്‍ നോക്കും. വെറൈറ്റി പേരു നോക്കും. പക്ഷേ ഇതൊന്നും ഉണ്ടാകാന്‍ പോകുന്ന കുട്ടി അറിയുന്നില്ലല്ലോ.
പണ്ടൊക്കെ ചെറിയ പേരുകളായിരുന്നു കൂടുതല്‍. പക്ഷേ അച്ഛന്‍ എനിക്കിട്ട പേര് ധര്‍മജന്‍ എന്നാണ്. സ്കൂളിലും സമൂഹത്തിലുമെല്ലാം ഞാന്‍ വേറൊരു പേരുകാരനായിരുന്നു. സ്കൂളിലും എന്റെ കൂട്ടുകാര്‍ക്കിടയിലും വീട്ടിലുമെല്ലാം ഏറ്റവും ചെറുതു ഞാനാണ്. എനിക്കാണെങ്കില്‍ എടുത്താല്‍ പൊങ്ങാത്ത പേരും. ഒരു ലോഡിംഗ്കാരനെക്കൊണ്ട് എടുപ്പിക്കേണ്ട കനമുള്ള പേരാണ് അച്ഛന്‍ എനിക്കിട്ടത്. ആദ്യമൊന്നും എനിക്കു ധര്‍മജന്‍ എന്നുള്ള പേര് ഇഷ്ടമല്ലായിരുന്നു. പിന്നീടു പേരിനൊപ്പം സ്ഥലപ്പേരും കൂട്ടിച്ചേര്‍ത്തു. അങ്ങനെ ധര്‍മജന്‍ ബോള്‍ഗാട്ടിയായി. മിമിക്രി ചെയ്തിരുന്ന കാലത്ത് സ്‌റ്റേജില്‍ പേര് പറയുമ്പോള്‍ ഒരു ബലത്തിനായാണ് ബോള്‍ഗാട്ടി കൂട്ടിച്ചേര്‍ത്തത്, അതു ക്ലിക്കായി. ഇപ്പോള്‍പലരും ധര്‍മജന്‍ എന്ന് വിളിക്കാറില്ല. ബോള്‍ഗാട്ടി എന്നേ വിളിക്കൂ.
പേരു തെറ്റിച്ചു വിളിക്കുന്നതാണ് വലിയൊരു പ്രശ്‌നം. ധര്‍മരാജന്‍, ധനഞ്ജയന്‍, ധര്‍മാത്മജന്‍, ഭസ്മജന്‍ എന്നൊക്കെ വിളിക്കുന്നവരുണ്ട്. ഈയിടയ്ക്ക് പിഷാരടിയെ ആരോ കണ്ടപ്പോള്‍ നിങ്ങളുടെ കൂടെയുള്ള ആ അമൃതാഞ്ജനൊണ്ടല്ലോ.. പുള്ളി കലക്കനാ… എന്നു പറഞ്ഞു. പിഷാരടി ഇതു കേട്ടു ചിരിച്ചുവെന്നല്ലാതെ ഒന്നും പറഞ്ഞില്ല. എന്റെ മക്കള്‍ക്കു പേരിട്ടതു പോലും ഏറ്റവും അടുത്ത സുഹൃത്തായ പിഷാരടിയാണ്. ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോള്‍ കുട്ടികള്‍ക്കു പേരിടുന്നതിനെക്കുറിച്ചു ഞാന്‍ ആലോചിച്ചിട്ടില്ല. സിനിമയില്‍ എത്തിയപ്പോള്‍ പതിയെ ടൗണില്‍ ഒരു ഫഌറ്റില്‍ താമസിച്ചുതുടങ്ങി. പക്ഷേ ഒരു വര്‍ഷത്തിനുള്ളില്‍ ഫഌറ്റിലെ ജീവിതം നമ്മുക്കു പറ്റില്ലെന്നു മനസിലായി. അപ്പോള്‍ ടൗണില്‍ നിന്നു മാറി ഒരു കൊച്ചു വീടുവച്ചു.
വിളിച്ചോണ്ടുവന്നതാ, പക്ഷേ അതിലത്ര കാര്യമെന്നുമില്ല
വളരെ സന്തോഷത്തോടെ കഴിഞ്ഞുപോകുന്ന ഒരു കൊച്ചു കുടുംബമുണ്ട് എനിക്ക്. ഭാര്യയുടെ പേര് അനൂജയെന്നാണ്. മക്കള്‍ വൈഗയും വേദയും. പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. വീട്ടില്‍ ചെന്ന് വിളിച്ചിറക്കി കൊണ്ടുവന്നതാണ്. അതിപ്പോ ഞാന്‍ മാത്രമല്ലല്ലോ… ഇഷ്ടം പോലെ പ്രണയവിവാഹങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് അതിലൊന്നും പുതുമയില്ല. ഭാര്യ വീട്ടുകാരും ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്. കാരണം ഞാന്‍ അവരുടെ മകളെ വിളിച്ചിറക്കി കൊണ്ടുവന്നു കഷ്ടപ്പെടുത്തിയില്ലല്ലോ.
മീന്‍ പിടിത്തവും പൊക്കാളി കൃഷിയും എന്റെ ഇഷ്ടങ്ങളാണ്. പക്ഷേ ഇപ്പോള്‍ കൃഷിയില്ല. കൃഷിചെയ്യാന്‍ ആളില്ലെന്നതാണ് സത്യം. എല്ലാവരും ചേര്‍ന്നു ചെയ്യേണ്ടതാണു കൃഷി. പിന്നെയുള്ള ഇഷ്ടങ്ങളിലൊന്നാണു മീന്‍ പിടിത്തം. മീന്‍ കഴിക്കാനുള്ള കൊതികൊണ്ടൊന്നുമല്ല , മീന്‍ പിടിച്ച് സ്വയം കറിവച്ചു പരീക്ഷണങ്ങളൊക്കെ നടത്തുമ്പോഴുള്ള ഒരു സുഖത്തിനുവേണ്ടിയാണ്. തേന്‍വരിക്ക എന്ന പുതിയ ചിത്രത്തിലാണു ധര്‍മജന്‍ ഇനി അഭിനയിക്കുന്നത്. ഷാജോണ്‍, ശ്രീജിത്ത് രവി എന്നിവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.