കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിന്റെ ദുരിതം വലിയ തോതില്‍ അനുഭവിച്ച സെലിബ്രിറ്റികളിലൊരാളാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ധര്‍മ്മജന്റെ കൊച്ചിയിലെ വീട്ടില്‍ വെള്ളം കയറുകയും സാധനങ്ങള്‍ നഷ്ടപ്പെട്ടതും വാര്‍ത്തയായിരുന്നു. ഇപ്പോളിതാ മറ്റൊരു മഴക്കെടുതിയെയും പ്രളയദുരിതത്തെയും നേരിടുകയാണ് കേരളം. എന്നാല്‍ ഏത് പ്രളയം വന്നാലും മലയാളികള്‍ പഠിക്കില്ലെന്നും അതിന്റെ ദുരിതമൊഴിയുമ്പോള്‍ പിന്നെയും ജാതിയുടെയും മതത്തിന്റെയും പേരില്‍ കലഹിക്കുന്നതാണ് കാണാനാവുന്നതെന്ന് വിമര്‍ശിച്ചിരിക്കുകയാണ് നടന്‍.
ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ വാക്കുകള്‍ ഇങ്ങനെ-‘എന്റെ വീടൊക്കെ പ്രളയം വന്നപ്പോള്‍ ഒരു നിലയോളം വെള്ളത്തിനടിയിലായിരുന്നു. കാറും, മൊമന്റോകളും പുസ്തകങ്ങളുമടക്കം ഒരുപാട് സാധനങ്ങള്‍ നഷ്ടമായിരുന്നു. പക്ഷേ ഒന്നുമില്ലാത്തവരുടെ എല്ലാം പോയ അവസ്ഥയുണ്ട്. വീടുകള്‍ പോയ ഒരുപാട് പേര്‍. പ്രളയം കഴിഞ്ഞിട്ടും അതിന്റെ പിറകില്‍ തന്നെയായിരുന്നു ഞാന്‍.
സുഹൃത്തുക്കളുമായി ചേര്‍ന്ന് രണ്ട് മൂന്ന് ലോറി സാധനങ്ങള്‍ എത്തിക്കേണ്ടിടത്ത് എത്തിക്കാന്‍ കഴിഞ്ഞു.എന്നാല്‍ പ്രളയമൊക്കെ കഴിഞ്ഞും വീണ്ടും തഥൈവ എന്നു പറയുന്നത് പോലെ, ആളുകളുടെ മനസ്സ് മാറി. പിന്നെയും ജാതിയുടെയും മതത്തിന്റെ പേര് പറഞ്ഞ് തമ്മില്‍ തല്ലുന്ന കാഴ്ചയാണ്. പ്രളയം വന്നപ്പോള്‍ ഞാന്‍ വിചാരിച്ചിട്ടുണ്ടായിരുന്നു, നമ്മുടെ വീട്ടില്‍ എന്തൊക്കെ ആവശ്യമില്ലാതിരുന്നോ അതൊക്കെയാണ് പോയതെന്ന്’. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മജന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.