മിമിക്രി വേദികളിലൂടെ കഴിവ് തെളിയിച്ച് പിന്നീട് മലയാള സിനിമയിലേയ്ക്ക് ചേക്കേറി, അവിടെ നിന്ന് ഗായകനായും നിര്‍മാതാവായും തിളങ്ങിക്കൊണ്ടിരിക്കുകയാണ് ധര്മജന് ബോള്‍ഗാട്ടി. ഇന്ന് മലയാള സിനിമയുടെ മാറ്റി നിര്‍ത്താനാവാത്ത താരമായും മാറിയിരിക്കുകയാണ് ധര്മജന്.
ഉറ്റസുഹൃത്തുകൂടിയായ വിഷ്ണു ഉണ്ണികൃഷ്ണന് നായകനായെത്തുന്ന നിത്യഹരിത നായകന് എന്ന സിനിമയിലൂടെയാണ് നിര്‍മാണ രംഗത്തേയ്ക്ക് ധര്മജന് കാലു കുത്തിയിരിക്കുന്നത്.
എന്നാല്‍ ഇതിനിടെ ധര്മജന് ദിലീപിന്റെ ബിനാമിയാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനു മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ധര്മ്മജനിപ്പോള്. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ധര്മജന് ഇക്കാര്യം വ്യക്തമാക്കിയത്.
”ഇതു പോലുള്ള നിരവധി ചോദ്യങ്ങള്‍ എന്നോട് ആളുകള്‍ ചോദിച്ചിട്ടുണ്ട്. ദിലീപാണോ ചേട്ടന്റെ സിനിമകളുടെ നിര്‍മ്മാതാവ്, ധര്മ്മജന് ഒരു ബിനാമിയാണോ എന്നൊക്കെ ചോദിക്കാറുണ്ട്. ഒരിക്കലും അല്ല കേട്ടോ. ദിലീപേട്ടന് ഇതേ കുറിച്ച് അറിയാന്‍ പോലും വഴിയില്ല” ധര്മ്മജന് പറയുന്നു
‘നിര്‍മ്മാതാവായത് വലിയ കാശായതു കൊണ്ടൊന്നുമല്ല. രണ്ട് നല്ല സുഹൃത്തുക്കള്‍ കാശുമുടക്കാന്‍ വന്നു. ഒപ്പം ഞാനും കാശുമുടക്കി. കാശു മുടക്കാത്ത നിര്‍മ്മാതാവല്ല നല്ല വേദനയുള്ള നിര്‍മ്മാതാവാണ് .സിനിമ നിങ്ങള്‍ തിയേറ്ററില്‍ കണ്ട് വിജയിപ്പിച്ചാലേ എനിക്ക് മുടക്കിയ പണം തിരികെ ലഭിക്കൂ” ധര്മ്മജന് കൂട്ടിചേര്‍ത്തു