ഷംന കാസിം ബ്ലാക്‌മെയില്‍ കേസില്‍ മൊഴി നല്‍കി നടന്‍ ധര്‍മജന്‍. തട്ടിപ്പു സംഘം തന്നെ പലതവണ വിളിച്ചുവെന്നും ഷംനയെയും മിയയെയും പരിചയപ്പെടുത്തണമെന്നാണ് തന്നോട് സംഘം ആവശ്യപ്പെട്ടെന്നും ധര്‍മജന്‍ മാധ്യമപ്രവര്‍ത്തകരോടു വെളിപ്പെടുത്തി.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജിയാണ് തന്റെ നമ്പര്‍ സംഘത്തിന് നല്‍കിയത്. മൂന്ന് തവണ സംഘം തന്നെ വിളിച്ചു. സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്താനാണ് അവരുടെ പ്ലാന്‍.
താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്ന സംഘമാണെന്ന് ഇവര്‍ പരിചയപ്പെടുത്തി. ഷംനയുടെ നമ്പര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് സംഘത്തിന് നല്‍കിയതെന്നും ധര്‍മ്മജന്‍ പറഞ്ഞു.
കൊച്ചി ട്രാഫിക് സ്റ്റേഷനിലെത്തിയാണ് നടന്‍ മൊഴി നല്‍കിയത്. രാവിലെ അന്വേഷണ സംഘം ഇദ്ദേഹത്തോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ നടി ഷംന കാസിം കൊച്ചിയില്‍ തിരിച്ചെത്തി.
ഇവര്‍ ഇന്ന് മുതല്‍ ക്വാറന്റൈനിലാണ്. നാളെ താരത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാവും മൊഴി രേഖപ്പെടുത്തുക.
കേസിലെ മുഖ്യപ്രതികളിലൊരാളായ തൃശ്ശൂര്‍ സ്വദേശി ഹാരിസിനെ ഇന്ന് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ക്ക് സിനിമ മേഖലയിലെ നിരവധി ആളുകളുമായി ബന്ധമുണ്ട്.
ഷംന കാസിമിന്റെ കേസില്‍ അടക്കം നിര്‍ണ്ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് കിട്ടുമെന്നാണ് കരുതുന്നത്. ഹാരിസിനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.
കേസിലെ പ്രതികളിലൊരാള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പിടികൂടാനുള്ള മൂന്നു പേരില്‍ ഒരാള്‍ക്കാണ് രോഗം. ഇതോടെ ഇയാളുടെ അറസ്റ്റു വൈകും. സംഭവത്തില്‍ ഏഴു കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതിന് പുറമെ ഷംന കാസിമിന്റെ കേസും ഉണ്ട്. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. എട്ട് പേരാണ് ഇതുവരെ പിടിയിലായത്. ഷംനയുടേതിന് സമാനമായ നാല് ചീറ്റിങ് കേസുകള്‍ കൂടിയുണ്ടെന്ന് മനസിലായെന്നും ഐജി പറഞ്ഞു.