കോഴിക്കോട്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രമവശേഷിക്കെ സാധ്യതാ പട്ടികയിലുള്‍പ്പെട്ട നടന് ധര്മജന് ബോള്‍ഗാട്ടി പ്രതീക്ഷയില്‍.
ബാലുശേരിയിലാണ് കോണ്‍ഗ്രസ് നേതൃത്വം ധര്‍മജന്റെ പേര് പരിഗണിച്ചത്. കെപിസിസി നേതൃത്വം അംഗീകരിച്ച പട്ടികയിലും ധര്മജന് ഇടം പിടിച്ചിരുന്നു.
ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ ചേരുന്ന കേന്ദ്രതെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രഖ്യാപനമുണ്ടാവും.
സ്ഥാനാര്‍ഥിയാവാന്‍ തയാറായിരിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് ഫോണ്‍ കോള്‍ വന്നിരുന്നതായി ധര്മജന് രാഷ്ട്രദീപികയോട് പറഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ ബന്ധപ്പെട്ടിരുന്നു.
സ്ഥാനാര്‍ഥിയാവാന്‍ ഒരുങ്ങിയിരിക്കാനാണ് ഇവര്‍ വ്യക്തമാക്കിയതെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്നും ധര്മജന് വ്യക്തമാക്കി.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പു തന്നെ ധര്‍മജന്റെ ബോര്‍ഡുകള്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഒഐസിസി (ഒാവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) റിയാദ് കമ്മിറ്റിയുടെ പേരില്‍ കോക്കല്ലൂരിലാണ് ബോര്‍ഡ് സ്ഥാപിച്ചത്.
കൈപ്പത്തി ചിഹ്നത്തില്‍ വോട്ടഭ്യര്‍ഥിച്ചുകൊണ്ടായിരുന്നു ബോര്‍ഡ്. സമൂഹമാധ്യമങ്ങളിലും പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകള്‍ക്ക് മുമ്പേ ബാലുശേരി സ്ഥാനാര്‍ഥിയായി ധര്‍മജന്റെ പേര് ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് ബാലുശേരി മണ്ഡലം കമ്മിറ്റിയുടെ പേരില്‍ ധര്‍മജനെതിരേ വ്യാജ കത്തും പുറത്തുവന്നിരുന്നു.
സംഭവത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അന്വേഷണം നടത്തുന്നുണ്ട്. യുഡിഎഫ് യോഗ തീരുമാനമെന്ന രീതിയില്‍ കെപിസിസിക്കുള്ള പരാതി രൂപേണയാണ് കത്ത് പുറത്തിറിങ്ങിയത്.
എന്നാല്‍ ഇത്തരത്തിലുള്ള കത്തുമായി യാതൊരു ബന്ധവുമില്ലെന്ന് യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ നിസാര്‍ ചേലേരി വ്യക്തമാക്കിയിരുന്നു.