കോമഡി ട്രാക്കിലൂടെ മലയാളികളെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ധർമജൻ തമിഴകത്തേക്ക് ചുവടുവയ്ക്കുന്നു. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കിലൂടെയാണ് ധർമജൻ തമിഴകത്തേക്ക് എത്തുന്നത്. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ സംവിധാനം ചെയ്ത നാദിർഷ തന്നെയാണ് തമിഴിലും സംവിധായകക്കുപ്പായമണിയുന്നത്. അജിത് ഫ്രം അറുപ്പുക്കോട്ടൈ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
മലയാളത്തിൽ അവതരിപ്പിച്ച അതേ കഥാപാത്രം തന്നെയാണ് തമിഴിലും ധർമജൻ അവതരിപ്പിക്കുന്നത്. സിദ്ദിഖിന് പകരം വിവേകായിരിക്കും ചിത്രത്തിലെത്തുക. തമിഴകത്തെ ഒരു അവതാരകനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിൽ ധർമജൻ ഒഴിച്ച് ബാക്കി എല്ലാവരും തമിഴകത്ത് നിന്നുള്ളവരായിരിക്കും. ജനുവരി 14ന് പൊള്ളാച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.