തൃശൂർ: കൊടകര കുഴൽപ്പണ ഇടപാട് കേസിൽ ധർമ്മരാജൻ കൊണ്ടുവന്നത് ബിസിനസ് ആവശ്യത്തിനുള്ള പണം അല്ലെന്നും അത് ഹവാല പണം തന്നെയാണെന്നും കേസന്വേഷിക്കുന്ന പോലീസ് സംഘം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു റിപ്പോർട്ട് നൽകുമെന്ന് സൂചന.
മൂന്നരക്കോടി രൂപ ബിസിനസ് ആവശ്യത്തിനുള്ള പണം ആയിരുന്നുവെന്നും അതിന്റെ രേഖകൾ കോടതിയിൽ സമർപ്പിക്കുമെന്നും ധർമ്മരാജൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതുവരെ പോലീസ് അന്വേഷിച്ച എല്ലാ കാര്യങ്ങളെയും തകിടംമറിക്കുന്നതാണ് ധർമരാജനെ പുതിയ നീക്കം.
പോലീസ് ഇതുവരെ നടത്തിയ അന്വേഷണങ്ങളുടെ വിശദമായ റിപ്പോർട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറും. കഴിഞ്ഞദിവസം ഇഡി കേസിലെ പ്രാഥമിക വിവരങ്ങൾ പോലീസിൽനിന്നു ശേഖരിച്ചിരുന്നു.മേയ് ഒന്നിന് ആദ്യഘട്ട റിപ്പോർട്ട് പൊലീസ് നൽകിയിരുന്നു.
മൂന്നരക്കോടി രൂപ ഹവാലപ്പണമായി വന്നെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും സംസ്ഥാന പോലീസ് അറിയിക്കും. ലഭിച്ച തെളിവുകളും മൊഴികളും ഇഡിയെ അറിയിക്കും.പിടികൂടിയ പണത്തിന് അവകാശമുന്നയിച്ച് ധർമരാജൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം. വിശദമായ എൻഫോഴ്സ്മെന്റ് അന്വേഷണത്തിന്റെ സാധ്യതയും പോലീസ് ചൂണ്ടിക്കാട്ടും.
കോടതിയിലും ധർമരാജനെതിരെ ശക്തമായ നിലപാടെടുക്കാനാണ് പോലീസ് തീരുമാനം. പിടികൂടിയത് കള്ളപ്പണമാണെന്നും അന്വേഷണം പൂർത്തിയാകും വരെ അതു വിട്ടുകൊടുക്കരുതെന്നും ആവശ്യപ്പെടും. ധർമരാജന്റെ നീക്കം അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീങ്ങുന്നത് തടയാനാണെന്നാണ് പോലീസ് കരുതുന്നത്.
കേസിൽ കവർച്ചാ പണം വിട്ടുകിട്ടണമെന്ന ധർമ്മരാജന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിലാണ് ധർമ്മരാജൻ ഹർജി നൽകിയിരിക്കുന്നത്. പോലീസിന് നല്കിയ മൊഴിയിലും പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില് സമര്പ്പിച്ച ഹര്ജിയിലും പറയുന്നത് വ്യത്യസ്ത വിവരങ്ങളാണ്. ധര്മരാജന്റെ മൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാണിച്ചാകും അന്വേഷണസംഘം കോടതിയില് റിപ്പോര്ട്ട് സമര്പ്പിക്കുക.