മംഗലം ശങ്കരൻകുട്ടി
ഒറ്റപ്പാലം : പ്രധാനമന്ത്രിക്ക് കുഞ്ഞൻ കൽപ്പാത്തിതേര് സമ്മാനിച്ച ശേഷം ധർമ്മരാജനിത് നല്ല സമയം.കരകൗശല വസ്തുക്കളും അലങ്കാര സാമഗ്രികളുമുണ്ടാക്കി ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന ഒറ്റപ്പാലം സ്വദേശിയായ ഉള്ളാട്ടിൽ ധർമ്മരാജനാണ് (37) ശുക്രൻ തെളിഞ്ഞത്.
വിവിധ കരകൗശല വസ്തുക്കൾക്കും കൽപ്പാത്തി തേരിനുമെല്ലാം ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. നാടിന്റെ നാനാഭാഗത്തു നിന്നും ധർമ്മന് ഫോണ് കോളുകൾ വരികയും വിവിധ അലങ്കാര സാധനങ്ങൾക്ക് ആവശ്യക്കാർ എത്തുകയും ചെയ്യുന്നുണ്ട്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പു സമയത്താണ് പാലക്കാട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംഘാടക സമിതി ധർമ്മരാജൻ ഉണ്ടാക്കിയ കൽപ്പാത്തി തേരിന്റെ മാതൃക ഉപഹാരമായി നൽകിയത്.ഇത് അദ്ദേഹത്തിന് ഇഷ്ടമാവുകയും സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ധർമ്മരാജൻ ഉണ്ടാക്കിയ കൽപ്പാത്തി തേരിന്റെ മാതൃകയാണ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചതെന്ന് വാർത്തകൾ വന്നതോടുകൂടി ധർമ്മരാജനും പ്രശസ്തനായി. ഫോം സെറ്റ്, തുണി, നൂൽ, മരം, എന്നിവ ഉപയോഗിച്ചാണ് ഇദ്ദേഹം തേര് നിർമിച്ചത്.
വീടുകൾ, ഹോട്ടലുകൾ സ്വീകരണമുറികൾ, വാഹനങ്ങൾ, എന്നിവിടങ്ങളിൽ അലങ്കാരത്തിനായി ഉപയോഗിക്കുന്ന വിവിധ കരകൗശല സാധന സാമഗ്രികളുണ്ടാക്കുന്നതിൽ ധർമ്മരാജൻ ശ്രദ്ധേയനാണ്.
ഉപരാഷ്ടപതി വെങ്കയ്യ നായിഡുവിന് ഇദ്ദേഹമുണ്ടാക്കിയ വള്ളുവനാടൻ പൂതന്റെ മുഖം ഒറ്റപ്പാലത്തു വച്ച് ധർമ്മരാജൻ മുന്പ് സമ്മാനിച്ചിട്ടുണ്ട്.
ചിനക്കത്തൂർ കുതിരയാണ് ധർമ്മരാജന്റെ മറ്റൊരു ആകർഷണീയമായ നിർമാണ കൗതുകം.ഗുരുവായൂരടക്കമുള്ള ക്ഷേത്ര പരിസരങ്ങളിൽ കാണുന്ന അലങ്കാര സാധനങ്ങളിൽ പലതും ധർമ്മരാജന്റെ സൃഷ്ടികളാണ്.പാലക്കാട് ശ്രീ വിശാലാക്ഷി സമേത ക്ഷേത്ര മാതൃകയാണ് ഇപ്പോൾ ഇദ്ദേഹം നിർമിച്ചു കൊണ്ടിരിക്കുന്നത്.