കണ്ണൂർ: ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാൻ പഴയ കമ്മ്യൂണിസ്റ്റുകാരനെ തന്നെ ഗോദയിലിറക്കി ബിജെപി.
പാർട്ടി മുൻ പ്രസിഡന്റും ദേശീയ നിർവാഹക സമിതിയംഗവുമായ സി.കെ. പത്മനാഭൻ മത്സരിക്കും. പ്രഖ്യാപനം നാളെ വൈകുന്നേരം ഡൽഹിയിലുണ്ടാകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
മുഖ്യമന്ത്രിക്കെതിരേ സീനിയർ നേതാക്കളാരെങ്കിലും മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. ഇതേതുടർന്ന് സി.കെ. പത്മനാഭന്റെ പേര് ഐക്യകണ്ഠമായി തീരുമാനിക്കുകയായിരുന്നു.
സ്ഥാനാർഥി പ്രഖ്യാപനത്തിനായി ബിജെപി നേതാക്കളെ പാർട്ടി പ്രസിഡന്റ് ജെ.പി. നദ്ദ ഡൽഹിയിലേക്ക് വിളിപ്പിച്ചു.
കെ. സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ്, ജോർജ് കുര്യൻ, എം.ടി. രമേശ്, എ.പി. അബ്ദുള്ളക്കുട്ടി തുടങ്ങിയവർ ഇന്ന് ഉച്ചയോടെ ഡൽഹിലേക്ക് പുറപ്പെടും.
കമ്യൂണിറ്റുകാരനായി അറിയപ്പെട്ടിരുന്ന സി.കെ. പത്മനാഭൻ 1969 ൽ കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ചാണ് ഭാരതീയ ജനസംഘത്തിൽ ചേർന്നത്.
1980 ൽ ബിജെപി രൂപംകൊണ്ടതു മുതൽ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയായി. പിന്നീട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ്, ദേശീയ നിർവാഹക സമിതിയംഗം എന്നീ ചുതലകൾ വഹിച്ചിട്ടുണ്ട്.
കുന്ദമംഗലം നിയമസഭാ മണ്ഡലം, കൂത്തുപറന്പ് മണ്ഡലം, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ മത്സരിച്ചു. കോഴിക്കോട്, കാസർഗോഡ്,കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയിട്ടുണ്ട്.
സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായി സൗഹൃദം സൂക്ഷിക്കുന്ന സികെപി ചെഗുവേരയുടെ മകൾ അലൈഡ ഗുവേര കണ്ണൂരിൽ വന്നപ്പോൾ ഗീതോപദേശ ശില്പം നൽകിയത് വിവാദമായിരുന്നു.
പിണറായിയെ നേരിടാൻ കെ.സുധാകരൻ വരണമെന്ന് മമ്പറം ദിവാകരൻ
തലശേരി: ധർമടം നിയോജക മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാൻ കെപിസി സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ രംഗത്തു വരണമെന്ന് കെപിസിസി അംഗം മമ്പറം ദിവാകരൻ ആവശ്യപ്പെട്ടു.
നേമത്ത് മൽസരിക്കാൻ ഉമ്മൻ ചാണ്ടി തയാറായത് നേതാക്കൾ മാതൃകയാക്കണം. കെ.സുധാകരൻ പിണറായിയെ നേരിടാനെത്തിയാൽ യു ഡി എഫ് പ്രവർത്തകർക്ക് ആവേശം നൽകും.
ജില്ലയിൽ സുധാകരന്റെ ഇടതും വലതും നിന്ന് സിപിഎമ്മിനോട് പൊരുതി മരിച്ച കോൺസ് പ്രവർത്തകരുടെ ആത്മാവിന് ശാന്തി ലഭിക്കാനും സുധാകരന്റെ സ്ഥാനാർഥിത്വം ഇടയാക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത് 3500 വോട്ടിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിൽ സുധാകരൻ മത്സരിച്ചാൽ വൻ ഭൂരിപക്ഷത്തിലുളള വിജയം ഉറപ്പാണന്നും ദിവാകരൻ തുടർന്ന് പറഞ്ഞു.
ദേവരാജൻ വരില്ല
ഫോർവേർഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജനയൊണ് പിണറായിക്കെതിരെ രംഗത്തിറക്കാൻ യുഡിഎഫ് ആലോചിച്ചിരുന്നത്.
എന്നാൽ, ദേവരാജൻ മൽസരത്തിനില്ലെന്ന് വ്യക്തമാക്കിയതോടെ ധർമടത്ത് സ്ഥാനാർഥിയെ തേടേണ്ട അവസ്ഥയിലാണ് യുഡിഎഫ്.
ധർമടത്ത് റിജിൽ മാക്കുറ്റിയുടെ പേരും ഉയർന്നു വന്നിരുന്നു. എന്നാൽ ചാവേറാകാനില്ലെന്ന് റിജിൽ മാക്കുറ്റി വ്യക്തമാക്കുകയും ചെയ്തിരുന്നു.
കോൺസ് നേതാക്കൾ സുരക്ഷിത മണ്ഡലം തേടിപ്പോകുന്ന അവസ്ഥ മാറണമെന്നാണ് കോൺസ് പ്രവർത്തകർ പറയുന്നത്.
പിണറായിയെ നേരിടാൻ സുധാകരനെ പോലെ ഊർജസ്വലരായ നേതാക്കൾ രംഗത്ത് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോൺഗ്രസ് പ്രവർത്തകർ പറയുന്നു.