റോഡിലെ കുഴികളിൽ വീണ് ജീവൻ നഷ്ടമാകുന്ന സംഭവങ്ങൾ നമ്മൾ നിരവധി കേട്ടിട്ടുണ്ട്. എന്നാൽ കുഴിയിൽ വീണ്, മരിച്ചയാൾക്ക് ജിവൻ തിരികെ കിട്ടിയതായി കേട്ടിട്ടുണ്ടോ? എങ്കിൽ അങ്ങനെയൊരു സംഭവമുണ്ടായിട്ടുണ്ട്.
ആശുപത്രിയിൽ നിന്ന് ജീവൻ നിലച്ചെന്ന് കരുതി ചിതയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് 80കാരന്റെ ഹൃദയം വീണ്ടുമിടിച്ചത്. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ദർശൻ സിംഗ്. അസുഖം വളരെ മൂർഛിച്ചിരുന്നതിനാൽ നാല് ദിവസം ഇയാൾ തീവ്രപരിചരണത്തിലായിരുന്നു.
തുടർന്ന് ഇയാൾ മരണപ്പെട്ടന്ന് ഡോക്ടർമാർ വിധിയെഴുതി. പിന്നാലെ സംസ്കാരത്തിനായി മൃതദേഹം ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോയി. ദര്ശന് സിംഗ് മരിച്ചെന്ന വിവരം ബന്ധുക്കളെയും മറ്റും അറിയിച്ചിരുന്നു. പിന്നാലെ ഇദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനായി നിരവധി പേര് വീട്ടിലെത്തുകയും ചെയ്തു. മാത്രമല്ല മൃതദേഹം സംസ്കരിക്കാനാവശ്യമായ വിറകും വീട്ടിലെത്തിച്ചിരുന്നു.
ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് ഏകദേശം നൂറ് കിലോ മീറ്റർ ദൂരമുണ്ട്. ഈ യാത്രയ്ക്കിടെ ആംബുലൻസ് റോഡിലെ ഗട്ടറിൽ വീണു. അതിശയമെന്നു പറയട്ടെ മരിച്ചെന്ന് കരുതിയ ദർശൻ സിംഗിന്റെ ഹൃദയം വീഴ്ചയിൽ വീണ്ടും തുടിച്ചു. ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് കുടുംബം.