മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍നിന്ന് ശിഖര്‍ ധവാനെ ഒഴിവാക്കി. ഭാര്യക്ക് അസുഖമായതിനാല്‍ ടീമില്‍നിന്ന് ഒഴിവാക്കണമെന്ന ധവാന്റെ ആവശ്യം പരിഗണിച്ചാണ് ബിസിസിഐയുടെ നടപടി. എന്നാല്‍, ധവാനു പകരക്കാരനെ സെലക്്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടില്ല.
അമ്മയ്ക്ക് അസുഖമായിരുന്നതിനാല്‍ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം ധവാന് വേഗം നാട്ടിലേക്കു തിരിച്ചിരുന്നു. ധവാന്റെ അഭാവത്തില്‍ അജിങ്ക്യ രഹാനെയോ കേദാര്‍ ജാദവോ രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണറായി എത്തും. ധവാന്റെ അഭാവം ഓസീസിനെതിരായ പരമ്പരയില്‍ തിരിച്ചടിയാകില്ലെന്നാണ് ടീം ഇന്ത്യയുടെ വിശ്വാസം.
രോഹിത് ശര്‍മയും വിരാട് കോഹ്ലിയും മഹേന്ദ്രസിംഗ് ധോണിയും അജിങ്ക്യരഹാനെയും ഹര്‍ദിക് പാണ്ഡ്യയുമുള്പ്പെടുന്ന ഇന്ത്യന്‍ ടീമിനു മികച്ച ബാറ്റിംഗ് നിരയാണുള്ളത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരമ്പരയിലെ ആദ്യമത്സരം ഞായറാഴ്ച നടക്കും.