കോൽക്കത്ത: ബാറ്റ്സ്മാൻമാർ പെരുമയ്ക്കൊത്ത പ്രകടനം പുറത്തെടുത്തപ്പോൾ ലങ്കയ്ക്കെതിരെ ഇന്ത്യക്ക് മേൽക്കൈ. നാലാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. ഓപ്പണർ ശിഖർ ധവാൻ (94) സെഞ്ചുറിയുടെ പടിവാതിക്കൽ കാലിടറിവീണതു മാത്രമാണ് ഇന്ത്യക്കുണ്ടായ നഷ്ടം. അർധസെഞ്ചുറി പിന്നിട്ട ലോകേഷ് രാഹുലും (73) ചേതേശ്വർ പുജാരയുമാണ് (2) ക്രീസിൽ. ഇതോടെ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 49 റൺസ് ലീഡ് സ്വന്തമാക്കി.
ആദ്യ ഇന്നിംഗ്സിൽ കൂട്ടത്തകർച്ച നേരിട്ട ഇന്ത്യ കരുതലോടെയാണ് രണ്ടാം ഇന്നിംഗ്സ് തുടങ്ങിയത്. രാഹുലും ധവാനും മെല്ലെത്തുടങ്ങി പിന്നീട് ഡ്രൈവിംഗ് സീറ്റിലേക്കു മാറി. ഒരു ഓവറിൽ ശരാശരി നാലു റൺസ് എന്ന നിലയിലാണ് സഖ്യം മുന്നേറിയത്. 116 പന്തിൽ 11 ഫോറുകളും രണ്ട് സിക്സറുമായി സെഞ്ചുറിയിലേക്കു കുതിച്ച ധവാനെ ശനഖയുടെ പന്തിൽ ഡിക്ക്വാലെ പിടിച്ചുപുറത്താക്കി.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന ലങ്ക ആദ്യ ഇന്നിംഗ്സിൽ 294ന് എല്ലാവരും പുറത്തായി. ലങ്കയ്ക്ക് 122 റണ്‍സിന്റെ ലീഡ്. വാ ലറ്റത്ത് രംഗണ ഹെറാത്ത് നടത്തിയ ചെറുത്തുനിൽപ്പാണ് ലങ്കയ്ക്കു മികച്ച ലീഡ് സമ്മാനിച്ചത്.
165/4 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ലങ്കയ്ക്കു തുടക്കത്തിൽതന്നെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഭുവനേശ്വർ കുമാറും മുഹമ്മദ് ഷാമി യുമാണ് ലങ്കയ്ക്കു കൂടുതൽ നാശങ്ങളുണ്ടാക്കിയത്. ഒടുഘട്ടത്തിൽ 201/7 എന്ന നിലയിൽ തർന്ന ലങ്കനെ ഹെറാത്ത് കൈപിടിച്ചുകയറ്റുകയായിരുന്നു. ഹെ റാത്ത് 67 റണ്‍സ് നേടി പുറത്തായി. നേരത്തെ, ലഹിരു തിരിമനെ(51), എയ്ഞ്ചലോ മാത്യൂസ്(52) എന്നിവരുടെ അർധസെഞ്ചുറികളാണ് ലങ്കയെ ലീഡിലേക്കു നയിച്ചത്.
ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷാമി എന്നിവർ നാലു വിക്കറ്റ് വീതം നേടി. ഉമേഷ് യാദവ് രണ്ടു വിക്കറ്റ് നേടി. ആദ്യ രണ്ടു ദിനങ്ങൾ ഭൂരിപ ക്ഷവും മഴമുടക്കിയ മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 172ന് പുറത്തായിരുന്നു.