ദുബായ്: ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന് ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ തുടക്കത്തിൽ വീണ്ടും കല്ലുകടി. ദുബായിയിൽനിന്നു ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലേക്കു യാത്ര ചെയ്യാൻ വിമാനത്തിൽ കയറുന്നതിൽനിന്ന് എമിറേറ്റ്സ് വിമാന അധികൃതർ ധവാന്റെ ഭാര്യയെയും കുഞ്ഞിനെയും തടഞ്ഞു.
ധവാന്റെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നു കാണിച്ചാണ് ഭാര്യ ഐഷയെയും കുഞ്ഞിനെയും യാത്ര ചെയ്യാൻ അനുവദിക്കാതിരുന്നത്. ട്വിറ്ററിലൂടെയാണ് ധവാൻ എമിറേറ്റ്സ് വിമാനക്കന്പനിയിൽനിന്നു തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയത്. രേഖകൾ എത്തിക്കുന്നതിനായി തന്റെ കുടുംബം ദുബായിയിൽ കാത്തിരിക്കുകയാണെന്നും എന്തുകൊണ്ടാണ് മുംബൈയിൽനിന്നു വിമാനം കയറിയപ്പോൾതന്നെ ഈ രേഖകൾ വേണമെന്ന് എമിറേറ്റ്സ് അധികൃതർ ആവശ്യപ്പെടാതിരുന്നതെന്നും ധവാൻ ചോദിക്കുന്നു. വിമാനത്താവളത്തിൽ ഒരു ജീവനക്കാരൻ മോശമായി പെരുമാറിയെന്നും ധവാൻ കുറ്റപ്പെടുത്തി.
അതേസമയം, പരന്പരയ്ക്കായി മറ്റ് ഇന്ത്യൻ ടീം അംഗങ്ങൾ കുടുംബത്തോടൊപ്പം കേപ് ടൗണിലെത്തി. ധവാനും ഇവർക്കൊപ്പം ചേർന്നതായാണു സൂചന. ജനുവരി അഞ്ചിനാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയിലെ ആദ്യ മത്സരം. കണങ്കാലിനു പരിക്കേറ്റതിനെ തുടർന്ന് ധവാന് ആദ്യ ടെസ്റ്റ് നഷ്ടമായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.