മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ട് ക്യാപ്റ്റന്മാരുടെ കീഴിൽ ഒരേ സമയം രണ്ടിടത്ത് പര്യടനം നടത്തേണ്ടിവരുമെന്ന് കോവിഡ് മഹാമാരിയുടെ ആരംഭത്തിൽതന്നെ ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
ആ റിപ്പോർട്ടും വിലയിരുത്തലും ശരിവയ്ക്കുന്നതാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രഖ്യാപിച്ച ഇന്ത്യയുടെ പരിമിത ഓവർ ടീമിന്റെ ശ്രീലങ്കൻ പര്യടനം.
ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ഫൈനലിന്റെ ഇടയിലാണ് ട്വന്റി-20, ഏകദിന പര്യടനത്തിന് ഇന്ത്യ ലങ്കൻ മണ്ണിൽ ഇറങ്ങുക. വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും നേതൃത്വത്തിൽ ഇന്ത്യൻ ടീം രണ്ട് രാജ്യങ്ങളിൽ കളിക്കുമെന്നായിരുന്നു അന്നത്തെ നിരീക്ഷണം.
അതിൽ ചെറിയ മാറ്റംമുണ്ടായി, കോഹ്ലിയും രോഹിത്തും ഐസിസി ടെസ്റ്റ് ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് അടുത്ത മാസം ആദ്യം പറക്കും. അതോടെ ശ്രീലങ്കയിൽ ഇന്ത്യയെ നയിക്കുക ആരായിരിക്കും എന്നതായി പ്രധാന ചർച്ചാ വിഷയം.
ധവാൻ നയിക്കും
കോഹ്ലി, രോഹിത് ശർമ എന്നിവരുടെ അഭാവത്തിൽ ശ്രീലങ്കൻ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനെ നയിക്കുക ശിഖർ ധവാൻ ആയിരിക്കും എന്നാണ് പൊതുവായ വിലയിരുത്തൽ. 142 ഏകദിനവും 65 ട്വന്റി-20യും കളിച്ച പരിചയം ധവാനുണ്ട്.
എന്നാൽ, ഇന്ത്യയെ ഇതുവരെ നയിച്ചിട്ടില്ല. 2018 ഏഷ്യ കപ്പിൽ രോഹിത് ശർമ ഇന്ത്യയെ നയിച്ചപ്പോൾ ധവാൻ ആയിരുന്നു ഉപനായകൻ.
അതേസമയം, ഇന്ത്യയുടെ കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ രോഹിത് ശർമയുടെ അഭാവത്തിൽ ധവാൻ ആയിരുന്നില്ല ഉപനായകൻ. കെ.എൽ. രാഹുൽ ആയിരുന്നു ഉപനായകനായത്.
പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട ഐപിഎൽ 14-ാം സീസണിൽ ഏറ്റവും അധികം റണ്‍ നേടിയത് ധവാൻ ആയിരുന്നു. അതുകൊണ്ടുതന്നെ പരിമിത ഓവർ ക്രിക്കറ്റിനെ അടുത്തറിയാവുന്ന ധവാൻ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതിൽ പ്രധാനിയാണ്.
രാഹുൽ-രാഹുൽ സഖ്യം; പൃഥ്വി, സഞ്ജു, ഭുവനേശ്വർ…
ലങ്കൻ പര്യടനത്തിൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയരുന്ന മറ്റു പേരുകളാണ് കെ.എൽ. രാഹുൽ, പൃഥ്വി ഷാ, ഭുവനേശ്വർ കുമാർ, സഞ്ജു വി. സാംസണ്. ലങ്കയിൽ രാഹുൽ-രാഹുൽ സഖ്യം പിറക്കുമോ എന്നതും കണ്ടറിയണം.
ഇന്ത്യൻ ടീം കണ്‍സൾട്ടന്റായ രാഹുൽ ദ്രാവിഡായിരിക്കും ലങ്കൻ പര്യടനത്തിനുള്ള സംഘത്തെ പരിശീലിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്. അതോടെയാണ് രാഹുൽ ദ്രാവിഡ്-കെ.എൽ. രാഹുൽ സഖ്യം ഉണ്ടായേക്കുമെന്ന നിഗമനം എത്തിയത്.
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ കെ.എൽ. രാഹുൽ ഉൾപ്പെട്ടിട്ടുണ്ട്. ഐപിഎല്ലിനിടെ അപ്പെൻഡിക്സ് ശസ്ത്രക്രിയയ്ക്ക് വിധേയനായ രാഹുൽ ആരോഗ്യം വീണ്ടെടുത്താൽ മാത്രമേ ഇംഗ്ലണ്ടിലേക്കു യാത്ര തിരിക്കൂ എന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിലേക്ക് പറക്കാതെ ലങ്കയിലേക്ക് രാഹുലിനെ അയയ്ക്കാനുള്ള സാധ്യതയും ഇതോടെ തള്ളിക്കളയാനാകില്ല.
യുവ താരങ്ങളായ പൃഥ്വി ഷാ, സഞ്ജു വി. സാംസണ് എന്നിവരും പരിഗണനയിലുണ്ട്. ഇരുവരും ആഭ്യന്തര ക്രിക്കറ്റിൽ ക്യാപ്റ്റൻ സ്ഥാനം അലങ്കരിച്ചിരുന്നു. സഞ്ജു ഐപിഎല്ലിൽ ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനുമായിരുന്നു. ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നയിച്ച പരിചയമുള്ള താരമാണ് പേസ് ബൗളർ ഭുവനേശ്വർ കുമാർ.
തന്ത്രജ്ഞൻ രാഹുൽ ദ്രാവിഡ്
ലങ്കയിലേക്കുള്ള ഇന്ത്യൻ സംഘത്തിന്റെ മുഖ്യ പരിശീലകനാകുക രാഹുൽ ദ്രാവിഡ് ആയിരിക്കുമെന്ന് സൂചന. ഐസിസി ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനായി രവി ശാസ്ത്രിയുടെ പരിശീലനത്തിനു കീഴിൽ ഇന്ത്യ ഇംഗ്ലണ്ടിലേക്കു പറക്കുന്പോഴാണ് മറ്റൊരു തന്ത്രജ്ഞന്റെ രംഗപ്രവേശനം അനിവാര്യതയായിരിക്കുന്നത്.
തികച്ചും വ്യത്യസ്തമായ ടീമായിരിക്കും ലങ്കയിലേക്ക് പുറപ്പെടുക എന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയത്. രാഹുൽ ഇന്ത്യൻ എ, അണ്ടർ -19 ടീമുകളുടെ പരിശീലകനായിരുന്നു.
ഋഷഭ് പന്ത്, പൃഥ്വി ഷാ, സഞ്ജു വി. സാംസണ് തുടങ്ങിയ താരങ്ങൾ ദ്രാവിഡിന്റെ ശിക്ഷണത്തിൽ വളർന്നതാണ്. ദ്രാവിഡ് പരിശീലകനായെത്തിയാൽ സഞ്ജുവിന് ടീമിൽ സ്ഥാനം ലഭിക്കാനുള്ള സാധ്യത ഏറുമെന്നും ചുരുക്കം.
ദ്രാവിഡിനൊപ്പം ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽനിന്നുള്ളവരായിരിക്കും സഹ പരിശീലക സ്ഥാനത്ത് എത്തുകയെന്നും റിപ്പോർട്ടുണ്ട്.
ശിഖർ ധവാൻ, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, ഇഷാന്ത് കിഷൻ, ഹാർദിക് പാണ്ഡ്യ, കൃണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, നവ്ദീപ് സൈനി, ഖലീൽ അഹമ്മദ്, യുസ്വേന്ദ്ര ചാഹൽ, സഞ്ജു, ദേവ്ദത്ത് പടിക്കൽ, വരുണ്‍ ചക്രവർത്തി, ദീപക് ചാഹർ, രാഹുൽ ചാഹർ, ചേതൻ സക്കരിയ, മനീഷ് പാണ്ഡെ തുടങ്ങിയ ഒരു പറ്റം താരങ്ങൾ ലങ്കൻ പര്യടനത്തിനുള്ള വിളിക്കായി രംഗത്തുണ്ട്.
മൂന്നു വീതം ട്വന്റി-20യും ഏകദിനവുമാണ് പരന്പരയിലുള്ളത്. ജൂലൈ 13ന് ഏകദിന മത്സരത്തോടെ പരന്പര തുടങ്ങും. ജൂലൈ 16, 19 തീയതികളിൽ ശേഷിക്കുന്ന ഏകദിനങ്ങൾ. ജൂലൈ 22ന് ട്വന്റി-20 പരന്പര ആരംഭിക്കും. ജൂലൈ 24, 27 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങൾ. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ ജൂലൈ 18-22വരെയാണ്.