ലണ്ടൻ: കൈയ്ക്ക് പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന് പകരക്കാരനെ ഉടനെ ടീമിൽ ഉൾപ്പെടുത്തിയേക്കില്ലെന്ന് സൂചന. ബിസിസിഐ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്. ധവാന് മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ, താരത്തെ ടീം മെഡിക്കൽ സംഘം നിരീക്ഷിക്കുന്നുണ്ടെന്നും പരിക്ക് ഭേദമാകുന്ന മുറയ്ക്ക് കളിക്കാനാകുമോ എന്ന് വീണ്ടും പരിശോധിക്കുമെന്നുമാണ് വിവരം.
ധവാന് ടീമിനൊപ്പം ഇംഗ്ലണ്ടില്‍ തുടരുമെന്നും പരിക്ക് ഭേദമാകുമ്പോള്‍ ടീമില്‍ തിരികെ പ്രവേശിക്കുമെന്നും ബിസിസിഐ അറിയിച്ചു. കൈവിരലിനേറ്റ പരുക്ക് രണ്ടാഴ്ചകൊണ്ട് ഭേദമാകുമെന്നാണ് ടീം ഫിസിയോയുടെ പ്രാഥമിക വിലയിരുത്തൽ. നേരത്തെ, ധവാന് പകരക്കാരനായി ഋഷഭ് പന്ത് ടീമിലിടം നേടുമെന്ന് വാർത്തകൾ വന്നിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ പാറ്റ് കമ്മിൻസിന്റെ പന്തുകൊണ്ടാണ് ധവാന് പരിക്കേറ്റത്. മത്സരത്തിൽ സെഞ്ചുറി (117) നേടിയ ധവാൻ മാൻ ഓഫ് ദ മാച്ചായിരുന്നു. പരിക്കു മൂലം ധവാൻ ഫീൽഡിംഗിനിറങ്ങിയിരുന്നുമില്ല.
ധവാന് പരിക്കേറ്റതോടെ പുതിയ ഓപ്പണിംഗ് സഖ്യത്തെ കണ്ടെത്തേണ്ട സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. രോഹിതിനൊപ്പം ഇനി പുതിയ ആളായിരിക്കും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക.