ന്യൂഡൽഹി: ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയിലെ ആദ്യ മത്സരങ്ങൾ നഷ്ടമായേക്കുമെന്നു സൂചന. വിദേശപര്യടത്തിനു പുറപ്പെടുന്നതിനു മുന്നോടിയായി ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിലേക്ക്, ഫിസിയോ പാട്രിക് ഫർഹാതിനൊപ്പം മുടന്തിയെത്തുന്ന ധവാന്റെ വീഡിയോയാണ് ഈ സൂചനകൾ നൽകുന്നത്.
ധാവാന്റെ കണങ്കാലിനു പരിക്കേറ്റതായി ബിസിസിഐയിലെ മുതിർന്ന അംഗം പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയിൽ എൻഡിടിവിയോടു സ്ഥിരീകരിച്ചു. എന്നാൽ ഇതു സംബന്ധിച്ച് ഒൗദ്യോഗിക റിപ്പോർട്ട് ഫിസിയോ സെലക്ടർമാർക്ക് നൽകിയിട്ടില്ല. ധവാനെ എംആർഐ സ്കാനിംഗിനു വിധേയമാക്കി. ജനുവരി അഞ്ചിന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ ധവാൻ കളിച്ചേക്കില്ലെന്നാണു സൂചന.
ബുധനാഴ്ചയാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്കു പുറപ്പെടുന്നത്. അഞ്ചിന് കേപ്ടൗണിലാണ് പരന്പരയിലെ ആദ്യ ടെസ്റ്റ്. മത്സരത്തിനു മുന്‍പ് ധവാൻ ഫിറ്റ്നസ് തെളിയിച്ചില്ലെങ്കിൽ മുരളി വിജയ്ക്കൊപ്പം കെ.എൽ.രാഹുൽ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ധവാന്റെ പരിക്ക് ഗുരുതരമാണെങ്കിൽ ടീമിൽ നാലാം ഓപ്പണറായി തമിഴ്നാട് ബാറ്റ്സ്മാൻ അഭിനവ് മുകുന്ദിനെ ഉൾപ്പെടുത്തുമെന്നും ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു.