സതാംപ്ടണ്: വിരലിനു പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍നിന്നു പുറത്തായി. പകരം വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിനെ ടീമിൽ ഉള്‍പ്പെടുത്തി. പരിക്ക് ഭേദപ്പെടുന്ന കാര്യത്തില്‍ പുരോഗതി കാണാത്തതിനാലാണു ധവാനെ ടീമില്‍നിന്ന് ഒഴിവാക്കിയത്.
ജൂണ്‍ ഒമ്പതിന് ലണ്ടനില്‍ ഓസ്ട്രേലിയയ്ക്കെതിരേയുള്ള മത്സരത്തിലാണു ധവാന് ഇടതു തള്ളവിരലിനു പരിക്കേറ്റത്. പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ കൈയില്‍ കൊള്ളുകയായിരുന്നു. കളിയില്‍ തുടര്‍ന്ന ധവാന് സെഞ്ചുറി നേടിയശേഷമാണ് പുറത്തായത്. വിരലിനു പൊട്ടലുണ്ടെന്നു പിന്നീട് സ്കാനിംഗില്‍ വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് ധവാനെ പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരേയുള്ള മത്സരങ്ങളില്‍നിന്ന് ഒഴിവാക്കിയിരുന്നു.
ജൂണ്‍ 30ന് ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തില്‍ ധവാന് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതിന് യാതൊരു സാധ്യതയുമില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തില്‍ ധവാന് ഉണ്ടാകുമെന്നു കരുതി ടീം മാനേജ്മെന്റ് താത്കാലിക പകരക്കാരനായിട്ടാണ് പന്തിനെ ഇംഗ്ലണ്ടിലെത്തിച്ചത്. ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്കു പന്തിനെ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനമുയർന്നിരുന്നു.
അതുകൊണ്ട് സെലക്ടര്‍മാര്‍ പന്തിനെ റിസര്‍വ് കളിക്കാരുടെ നിരയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ധവാന് ടീമില്‍നിന്നു പുറത്തായതോടെ പന്തിനു കഴിവ് തെളിയിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ പന്ത് സെഞ്ചുറികള്‍ നേടിയിരുന്നു. ഐപിഎലിലും ഭേദപ്പെട്ട പ്രകടനമാണ് ഇരുപത്തിയൊന്നുകാരനായ താരം കാഴ്ചവച്ചത്.