കറുകച്ചാൽ: യക്ഷിവേഷം കെട്ടിയ സാമൂഹ്യവിരുദ്ധരെ പിടികൂടാൻ ഉന്പിടി കാരയ്ക്കാട്ടുകുന്നിലെ നാട്ടുകാരും പോലീസും ഇപ്പോൾ ഉറക്കമിളച്ചു കാത്തിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി യക്ഷിയുടെ പേരിൽ പ്രദേശത്തെ ജനങ്ങളെ ആരോ പേടിപ്പിക്കുകയാണ്. വെള്ളവസ്ത്രം ധരിച്ച് എത്തിയ ചിലർ രാത്രിയിൽ സഞ്ചരിക്കുന്നവരെ ഭയപ്പെടുത്തുകയാണ്.
വിജനമായ പ്രദേശങ്ങളിൽ ആളുകൾ നടന്നു പോകുന്പോൾ കൈകൊട്ടി വിളിക്കുകയും അട്ടഹസിക്കുകയും ചെയ്യും. പുലർച്ചെ മീൻകച്ചവടത്തിനായി എത്തുന്നവരെയും പത്രവിതരണം നടത്തുന്നവരെയും നടക്കാനിറങ്ങിയവരെയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ യക്ഷിയുടെ പേരിൽ ഭയപ്പെടുത്തിയത്.
പ്രദേശത്തെ വീടുകൾക്ക് സമീപം എത്തി രാത്രികാലങ്ങളിൽ ശബ്ദം ഉണ്ടാക്കുന്നതായും വീടുകൾക്കു നേരെ കല്ലെറിയുന്നതായും നാട്ടുകാർ പറയുന്നു. ഇതോടെ പ്രദേശത്തെ ചില യുവാക്കൾ ചേർന്ന് യക്ഷിയെ പിടികൂടുവാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. യക്ഷിശല്യം പതിവായതോടെ നാട്ടുകാർ വിവരം കറുകച്ചാൽ പോലീസിൽ അറിയിച്ചു.
പോലീസ് എത്തി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും യക്ഷിയെ കുടുക്കുവാൻ കഴിഞ്ഞില്ല. സംഭവത്തിനു പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്ന് കറുകച്ചാൽ പോലീസ് പറഞ്ഞു. പോലീസ് എത്തിയതിനു ശേഷം രണ്ടുദിവസമായി യക്ഷിശല്യം ഇല്ല.