കോഴിക്കോട്: നടന് ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ കോഴിക്കോട് ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത സംഭവത്തില്‍ കൂടുതല്‍ നടപടികളുമായി ആരോഗ്യ വകുപ്പ്. സ്ഥാപനത്തിന് നോട്ടീസ് നല്‍കിയതായും പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പഴകിയ ഭക്ഷണം ആളുകള്‍ക്ക് നല്കുന്നു എന്നതിനേക്കാള്‍ വൃത്തിഹീനമായ സാഹചര്യമായിരുന്നു ഇവിടെ നിലനിന്നിരുന്നതെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ ആര് .എസ്. ഗോപകുമാര്‍ അറിയിച്ചു. ഒരു കിലോയിലധികം വരുന്ന കോഴിയിറച്ചി പഴകിയ നിലയിലായിരുന്നു ഇവിടെ സൂക്ഷിച്ചിരുന്നത്. അതേസമയം ഫ്രീസറുകളും ഭക്ഷണപദാര്‍ഥങ്ങള്‍ സൂക്ഷിച്ചഅടുക്കളയുംവൃത്തിഹീനമായിരുന്നു.ഈ സാഹചര്യത്തില്‍ സ്ഥാപനം ഉടനടി വൃത്തിയാക്കാന്‍ നിര്‍ദേശം നല്കി.
നിരവധി പേര് എത്തുന്ന ഈ സ്ഥാപനത്തില്‍ തുടര്‍ന്നും കര്‍ശന പരിശോധന നടത്തുമെന്നും ഗോപകുമാര്‍ പ്രതികരിച്ചു. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു.ഐസ്ക്രീം ഏറെ പഴക്കം ചെന്നതായിരുന്നു.
കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഇവിടെ പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതായും വില്പന നടത്തുന്നതായും നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും വിധം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.