ടി.ജി.ബൈജുനാഥ്
തിയറ്ററുകൾ തുറക്കുന്നതും കാത്ത് രണ്ടു ത്രില്ലറുകൾ – കർണൻ നെപ്പോളിയൻ ഭഗത് സിംഗ്, മൈക്കിൾസ് കോഫി ഹൗസ്. രണ്ടിലും ഒരാ ൾ തന്നെ നായകൻ! എൻജിനിയറിംഗ് ജോലി കളഞ്ഞുവന്ന് സിനിമയോട് ഇഷ്ടംകൂടിയ ഒരു ആലുവാക്കാരൻ.
വൈ, ഹിമാലയത്തിലെ കശ്മലൻ, വാരിക്കുഴിയിലെ കൊലപാതകം, കൽക്കി, എടക്കാട് ബെറ്റാലിയൻ എന്നീ സിനിമകളിലൂടെ ചുവടുറപ്പിച്ച ധീരജ് ഡെന്നി; നിവിന്റെയും ടോവിനോയുടെയും കസിൻ. പുതിയ സിനിമകളെക്കുറിച്ച്, അഭിനയത്തിലെ ഇഷ്ടങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് യുവനടൻ ധീരജ് ഡെന്നി.
‘വൈ’യിൽ തുടങ്ങി
ചെറുപ്പം തൊട്ടേ സ്കൂളിലും ആലുവാ പള്ളിയി ലുമൊക്കെയായി നാടകങ്ങളിൽ അഭിനയിച്ചിരു ന്നു. പ്ലസ്ടുവിൽ സ്റ്റേറ്റ് ലെവൽ ഡ്രാമയിൽ പോ യിട്ടുണ്ട്. ബി ടെക് ഇൻസ്ട്രുമെന്റേഷനു ശേഷം ബംഗളൂരുവിൽ ജോലിയായി.
അക്കാലത്ത് ‘എങ്ങനെ തുടങ്ങും’ എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചു. കോട്ടയം പ്രദീപിന്റെ മകൻ വിഷ്ണു പ്രദീപാണ് അതു സംവിധാനം ചെയ്തത്.
നിനക്ക് അഭിനയിക്കാൻ ടാലന്റുണ്ട്, അതിൽ നോക്കിക്കൂടേ എന്ന് അതു കണ്ടു പലരും ചോദിച്ചു. ആളുകൾ വെറുതേ പറയുന്ന താവാം എന്നു കരുതി ബംഗളൂരുവിലെ ജോലി തുടർന്നു. പക്ഷേ, അപ്പോഴും ചെയ്യുന്ന പരി പാടി കറക്ടല്ല എന്നൊരു തോന്നലുണ്ടായിരു ന്നു.
ജോലി മാറി നോക്കി; മടുപ്പു മാറിയില്ല! 2015 ൽ ജോലി വിട്ട് നാട്ടിൽ വന്നതിനു പിന്നാ ലെ ‘ഞാൻ സിനിമാമോഹി’ എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചു. ‘അനുഗൃഹീതൻ ആന്റണി’ ചെയ്ത പ്രിൻസ് ജോയിയാണ് അതു സംവിധാനം ചെയ്തത്.
ഇനി എന്തായാലും സിനിമ ചെയ്തു നോക്കാം എന്നു തീരുമാനിച്ചു. അന്നു ശ്രമിച്ചില്ലല്ലോ എന്നു പിന്നീടു നൊന്പ രത്തിനിടനല്കരുതെന്നു കരുതി. അങ്ങനെ യിരിക്കുന്പോഴാണ് സുനിൽ ഇബ്രാഹിം സാറി ന്റെ ‘വൈ’ എന്ന സിനിമയുടെ ഓഡിഷൻ വന്ന ത്.
സെൽഫി വീഡിയോ അയച്ചു. അവർ സെ ലക്ട് ചെയ്തു. വളരെ കൃത്യമായ ഒരു ഓഡീഷ നായിരുന്നു. അതു പാസായി. ഒരാഴ്ചത്തെ ക്യാന്പിനു ശേഷം ഒരു കാരക്ടർ തന്നു. അതായിരു
ന്നു തുടക്കം.
‘കന്നിവെയിൽ കണ്ണുകളിൽ…’
‘വൈ’ക്കു ശേഷം അഭിറാം സുരേഷ് ഉണ്ണിത്താന്റെ ഹിമാലയത്തിലെ കശ്മലൻ എന്ന സറ്റയറിൽ. പിന്നീടു വാരിക്കുഴിയിലെ കൊലപാതകത്തിൽ ലിജോ എന്ന വേഷം.
അതിൽ ഞാനും അമീര വർമയുമുള്ള ശ്രേയാ ഘോഷാൽ പാടിയ ‘കന്നിവെയിൽ കണ്ണുകളിൽ…’ എന്ന പാട്ടുസീൻ ശ്രദ്ധിക്കപ്പെട്ടു. തുടർന്നു കൽക്കിയിൽ കോണ്സ്റ്റബിൾ ഗോവിന്ദ്. പിന്നീട്, എടക്കാട് ബെറ്റാലിയൻ.
കർണൻ നെപ്പോളിയൻ ഭഗത്്സിംഗ്!
എടക്കാട് ബറ്റാലിയനിൽ അഭിനയിക്കുന്പോഴാണ് ശരത്തേട്ടനും(ശരത് ജി. മോഹൻ) എഡിറ്റർ റെക്സണും കർണൻ നെപ്പോളിയൻ ഭഗത് സിംഗിന്റെ കഥ പറഞ്ഞത്.
നല്ല രസമുള്ള സ്ക്രിപ്റ്റായി തോന്നി. സാധാരണ, കുറച്ചു കാരക്ടർ വേഷങ്ങൾക്കു ശേഷമാണ് നായകവേഷത്തിലേക്ക് എത്താറുള്ളത്. ഇപ്പോൾ നായകവേഷം ചെയ്യാൻ അത്രയ്ക്കു കോണ്ഫിഡന്റല്ലെന്നു ഞാൻ അവരോടു പറഞ്ഞു.
നല്ല നാടൻ കാരക്ടറാണ്. മാസായ സംഭവങ്ങളൊന്നും സ്ക്രിപ്റ്റിലില്ല. നിനക്കു ചെയ്യാനാവും. ഞങ്ങൾക്കു കോണ്ഫിഡൻസുണ്ട് – അവർ പറഞ്ഞു. ചെയ്തു തുടങ്ങിയപ്പോൾ ഇതു നമുക്കു പറ്റിയ പരിപാടിയാണെന്നു മനസിലായി.
എസ്ഐ രൂപേഷ്
രൂപേഷ് – അതാണ് കർണൻ നെപ്പോളിയൻ ഭഗത് സിംഗിൽ എന്റെ കഥാപാത്രം. ഒരു നാട്ടിൻപുറവും അവിടെ രൂപേഷും മൂന്നു കൂട്ടുകാരും ചെയ്തുകൂട്ടുന്ന ചില പരിപാടികളുമൊക്കെയാണ് ഫസ്റ്റ് ഹാഫിൽ. അതിനിടെ അവിടെ ഒരസ്വാഭാവിക സംഭവമുണ്ടാകുന്നു.
തുടർന്ന് പടം ത്രില്ലിംഗ് മൂഡിലേക്കും ഇൻവെസ്റ്റിഗേഷനിലേക്കും കടക്കുന്നു. ഫസ്റ്റ് ഹാഫിൽ എസ്ഐ ടെസ്റ്റ് പാസായി നിൽക്കുകയാണു രൂപേഷ്. സെക്കൻഡ് ഹാഫിൽ പരിശീലനമൊക്കെ കഴിഞ്ഞ് ആ പദവിയിലേക്ക് എത്തുന്നു.
സെക്കൻഡ് ഹാഫിന് ഇൻവെസ്റ്റിഗേഷൻ മൂഡാണ്. രൂപേഷാണ് അത് ഏറ്റെടുക്കുന്നത്. ഫാമിലി ത്രില്ലറാണ്. കഥാപാത്രമാകാൻ ചോക്ലേറ്റ് ലുക്കിൽ നിന്നു മാറി കട്ടിമീശയൊക്കെ വച്ചു.
തോറ്റതിന്റെ പേരിലല്ല
‘സെവൻത് ഡേ’യിൽ രാജുവേട്ടൻ പറഞ്ഞ ഡയലോഗിൽ നിന്നെടുത്ത ടൈറ്റിൽ ക്യാച്ചിയായി തോന്നി. കർണൻ, നെപ്പോളിയൻ, ഭഗത് സിംഗ്…മൂവരും തോറ്റവരാണ്. ചരിത്രത്തിൽ അവർ ഇടംപിടിച്ചത് പല രീതികളിലും വിജയിച്ചതിന്റെ പേരിലാണ്; അല്ലാതെ തോറ്റതിന്റെ പേരിലല്ല. സിനിമ കണ്ടിറങ്ങുന്പോൾ അതു ബോധ്യമാകും. കഥയ്ക്ക്് അനിവാര്യമായ ഒരു പ്രണയ ട്രാക്കുണ്ട്. നായിക പുതുമുഖം ആദ്യ പ്രസാദ്. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യുടെ ഡയറക്ടർ അൽത്താഫ്, ‘ക്വീനി’ൽ അഭിനയിച്ച എൽദോ മാത്യൂസ്, ‘തീവണ്ടി’യിലെ അനീഷ് ഗോപാൽ എന്നിവരാണ് സുഹൃത്തുക്കളായി വേഷമിട്ടത്.
മൈക്കിൾസ് കോഫി ഹൗസ്
കർണന്റെ ഷൂട്ടിംഗിനിടെയാണ് ‘മൈക്കിൾസ് കോഫി ഹൗസി’ന്റെ കഥ കേട്ടത്. അനിൽ ഫിലിപ്പാണു സംവിധായകൻ. പ്രൊഡ്യൂസറും റൈറ്ററും ഒരാളാണ്, ജിസോ ജോസ്. കഥ കേട്ടപ്പോൾത്തന്നെ ഓകെയായി. ഇതും ഫാമിലി ത്രില്ലറാണ്.
വിൻസെന്റ് – അതാണ് എന്റെ കഥാപാത്രം. സ്റ്റാർട്ടപ്പ് കന്പനിയിലാണു ജോലി. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വളരെ പെർഫക്ടാണ്. സീനിയർ മാനേജർ ഉണ്ടെങ്കിലും പ്രോജക്ടൊക്കെ സംസാരിച്ചു റെഡിയാക്കി കൊണ്ടുവരുന്നതു വിൻസെന്റാണ്. അവിടത്തെ ടെക്നിക്കൽ കാര്യങ്ങളുടെ അവസാന വാക്ക്.
ദുരൂഹതയുടെ കുടുംബം
അച്ഛൻ, അമ്മ, അനിയത്തി – അതാണു വിൻസെന്റിന്റെ ലോകം. അച്ഛനും അമ്മയുമായി രഞ്ജി പണിക്കരും സീതാലക്ഷ്മിചേച്ചിയും. അച്ഛൻ വക്കീലാണ്; അമ്മ റിസോർട്ട് ഉടമസ്ഥയും. തുടക്കം മുതലേ ദുരൂഹത തോന്നിക്കുന്ന ഒരു ഫാമിലിയാണത്. പല കാര്യങ്ങളും അവർ മറച്ചുവയ്ക്കുന്നു.
കുടുംബത്തിലെ ചില കോംപ്ലിക്കേഷനുകളാണ് വിൻസെന്റിനെ അലട്ടുന്നത്. ജൂണ്, ഇഷ, തൃശൂർപൂരം, കുഞ്ഞെൽദോ എന്നീ പടങ്ങളിൽ വേഷമിട്ട മാർഗരറ്റ് ആന്റണിയാണ് എന്റെ നായിക. കഥയോടു ചേർന്നുനിൽക്കുന്ന പ്രണയട്രാക്കാണ് ഇതിലും.
ടെക്കിയുടെ അന്വേഷണം
കഥയുടെ ആദ്യ പകുതിയിൽ നായകനുമായി ബന്ധമുള്ള ഒരാൾ മരിക്കുന്നു. ആത്മഹത്യയെന്നാണ് എല്ലാവരും കരുതുന്നത്. പോലീസും അങ്ങനെ തന്നെ ഉറപ്പിക്കുന്നു. അത് ആത്മഹത്യയല്ലെന്നും അതിനു പിന്നിൽ എന്തോ കഥയുണ്ടെന്നും വിൻസെന്റിനു തോന്നുകയാണ്.
അങ്ങനെ ഒരു സമാന്തര അന്വേഷണം തുടങ്ങുന്നു; ടെക്കിയായ ഒരു സാധാരണക്കാരന്റെ അന്വേഷണം. ഒപ്പം പോലീസ് അന്വേഷണവുമുണ്ട്. ‘വൈ’യിലും ‘മറഡോണ’യിലും ഇപ്പോൾ ‘റോയി’യിലും വേഷമിട്ട ജിൻസ് ഭാസ്കറാണ് പോലീസ് ഓഫീസറാകുന്നത്.
ലൈവ്… സംഗീതം, കോഫി
കർണനിൽ നാട്ടിൻപുറം ഒരു കഥാപാത്രമാകുന്നതുപോലെ ഇതിൽ മൈക്കിൾസ് കോഫി ഹൗസ് ഒരു കഥാപാത്രമാണ്. മൈക്കിൾ എന്നയാളാണ് അതു നടത്തുന്നത്. അവിടെയാണ് ഇതിലെ കഥാപാത്രങ്ങൾ ഹാങ് ഒൗട്ട് ചെയ്യുന്നത്. അതൊരു ഹബ് ആയതുകൊണ്ടാണ് പടത്തിന് ആ പേരിട്ടത്.
മൈക്കിളായി വേഷമിടുന്നതു ഡോ. റോണി ഡേവിഡ്.
മൈക്കിൾസ് കോഫി ഹൗസിൽ എപ്പോഴും ലൈവ് സംഗീതമുണ്ടാവും. റോസ്മേരി ലില്ലു ഡിസൈൻ ചെയ്ത ടൈറ്റിലിലെ ഗിറ്റാർ അതു പറയുന്നുണ്ട്. സന്ദർശകരൊക്കെയും ആ സംഗീതം കേട്ടിരിക്കുന്ന വളരെ പീസ്ഫുളായ ഒരു കോഫിഹൗസ്. റോണി റാഫേലാണു സംഗീതസംവിധായകൻ. എം.ജി.ശ്രീകുമാർ, വിധുപ്രതാപ്, ഹരിശങ്കർ തുടങ്ങിയവരാണു ഗായകർ.
അതാണു തിയറ്ററിന്റെ ഗുണം
പലപ്പോഴും നമ്മൾ കിടിലൻ എന്നു കരുതി പറയുന്ന പല തമാശകളും തിയറ്ററിൽ ആളുകളെ ചിരിപ്പിക്കുന്നുണ്ടാവില്ല. നമ്മൾ ഒന്നും ഉദ്ദേശിക്കാതെ പറയുന്ന ചില സംഗതികളാവും ആളുകളെ ചിരിപ്പിക്കുക. ഒടിടിയിൽ ആളുകൾ കണ്ടിട്ട് എന്തുതന്നെ പറഞ്ഞാലും ആ അനുഭവം നമുക്കു കിട്ടില്ല.
‘കൽക്കി’യിൽ ഞാൻ ഗ്യാസ്കുറ്റി പൊക്കുന്ന സീനിനു തിയറ്ററിൽ വലിയ റെസ്പോണ്സായിരുന്നു. അത്രയ്ക്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല. കൽക്കിയിൽ ഗ്യാസ് കുറ്റി പൊട്ടിച്ചയാളല്ലേ എന്നു പലരും ഇപ്പോഴും ചോദിക്കാറുണ്ട്. പടം ഇറങ്ങി ഒരു വർഷമായി. എന്നിട്ടും ആളുകൾ അത് ഓർത്തുപറയുന്നതു തിയറ്റർ റിലീസിന്റെ ഗുണമാണ്.
രസമാണ് കാരക്ടർ റോളുകൾ
നായകനാകുന്നതിനു മുന്പും ശേഷവും – ആ വ്യത്യാസം ഇതുവരെ ഫീൽ ചെയ്തിട്ടില്ല. കാരണം, രണ്ടു പടവും ഇറങ്ങിയിട്ടില്ല. ഇപ്പോഴും
നല്ല കാരക്ടേഴ്സ് വന്നാൽ ചെയ്യാൻ പാകത്തിനു നിൽക്കുകയാണു ഞാൻ. റിലീസിനു ശേഷവും അതിൽ മാറ്റമില്ല. കാരക്ടർ റോളുകൾ ചെയ്യാൻ നല്ല രസമാണ്. നായകവേഷം വേറൊരു ലോകമാണ്.
നിലവാരം കൂടി
കഴിഞ്ഞ ആറു മാസമായി സിനിമകളില്ലാത്തതിനാൽ ജനങ്ങൾ ഇന്റർനാഷണൽ പടങ്ങളും ഏറെ കോംപ്ലിക്കേറ്റഡായ വെബ് സീരീസും കണ്ടുതുടങ്ങി.
ആളുകളുടെ സ്റ്റാൻഡേർഡ് ഉയർന്നു. 2019 അവസാനത്തിലെ മലയാളിയെ അല്ല 2020 തീരുന്പോൾ കാണാനാവുക. അവരെ തൃപ്തിപ്പെടുത്തുന്ന സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. ആക്്ഷൻ ഹീറോ ബിജുവിൽ സുരാജേട്ടൻ ചെയ്തതു പോലെയുള്ള കാരക്ടേഴ്സ് വന്നാൽ കണ്ണുംപൂട്ടി ചെയ്യും.
കുടുംബം സപ്പോർട്ട്
അച്ഛൻ ഡെന്നി ബുനവെഞ്ചർ. ബാങ്കിൽ നിന്നു റിട്ടയേർഡായി. അമ്മ ഡെയ്സി ഡെന്നി. കോളജ് ലക്ചറർ ആയിരുന്നു. ഇപ്പോൾ ഹോം മേക്കർ. ചേട്ടൻ ദീപക് ഡെന്നി. ബാങ്കിലാണു ജോലി. ചേട്ടത്തി ഷെറിൻ ദീപക്. ഫുൾ സപ്പോർട്ടീവാ ണ് കുടുംബം.