മുംബൈ: അണ്ടർ-17 ലോകകപ്പിലെ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ശ്രദ്ധനേടിയ ഗോൾകീപ്പർ ധീരജ് സിംഗിനെ തേടി വിദേശ ക്ലബ്ബുകൾ. രണ്ട് യൂറോപ്യൻ ക്ലബ്ബുകളും നാല് ഇന്ത്യൻ ക്ലബ്ബുകളും ഓഫറുമായി ധീരജിനെ തേടിയെത്തിയെന്ന് പിതാവ് പറഞ്ഞു. ജർമൻ ക്ലബ്ബാണ് ധീരജിനെ തേടിയെത്തിയ ഒരു ക്ലബ്ബ്. മാഞ്ചസ്റ്റർ സിറ്റി, ആഴ്സനൽ ക്ലബ്ബ് അധികൃതർ കഴിഞ്ഞ ദിവസം ഗോവയിലെത്തിയിരുന്നു.
കാഠ്മണ്ഡുവിൽ സാഫ് അണ്ടർ 16 കപ്പ് ഇന്ത്യ സ്വന്തമാക്കിയതിൽ ധീരജിന്റെ പ്രകടനം നിർണായകമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, ബാഴ്സലോണ, ഇന്റർ മിലാൻ പരിശീലകരുടെ നേതൃത്വത്തിൽ നടന്ന പരിശീലനക്കളരിയിലേക്ക് ഏഷ്യയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 കളിക്കാരിൽ ഒരാളും ധീരജായിരുന്നു.
ഇതൊക്കെയാണെങ്കിലും സീനിയർ ടീമിൽ ഇടംപിടിക്കണമെങ്കിൽ ധീരജിന് അൽപം ബുദ്ധിമുട്ടേണ്ടി വരും. ഗുർപ്രീത് സന്ധു, സുബ്രതോപാൽ, അമരീന്ദർ സിംഗ് എന്നീ വല്യേട്ടന്മാരുമായും താരതമ്യേന പുതുമുഖമായ വിശാൽ കെയ്ത്തുമായും മത്സരിച്ചു വേണം ധീരജിന് ഇന്ത്യൻ ഗോൾവല കാക്കാനുള്ള അവസരം നേടാൻ.