എഡി 1528 മുതൽ കത്തിക്കൊണ്ടിരിക്കുകയാണ് ഈ വിളക്ക്. അസമിലെ ജോർഹട്ട് ജില്ലയിലെ ധെകിയാഖോവ ഗ്രാമത്തിലുള്ള ഒരു നാംഘറിലാണ് ഈ കെടാവിളക്ക്. പുരേഹിതന്മാർ കടുകെണ്ണയൊഴിച്ച് കത്തിക്കുന്ന ഈ വിളക്ക് അഞ്ഞൂറ് വർഷത്തോളമായി അസാമിന്റെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്.
ഈ വിളക്ക് സാമൂഹിക പരിഷ്കർത്താവായിരുന്ന മാധവദേവൻ എന്ന സന്യാസിയാണ് ആദ്യമായി കൊളുത്തിയതെന്നു പറയപ്പെടുന്നു. 15-16 നൂറ്റാണ്ടുകളിൽ അസമിൽ ശ്രീമന്ത ശങ്കരദേവൻ പ്രചരിപ്പിച്ച വൈഷ്ണവ ഏകശിലാ മതമായ ഏകശരണ ധർമ്മത്തിലെ ആചാര്യനായിരുന്നു മാധവദേവൻ.
ധേകിയാഖോവ ഗ്രാമത്തിലെത്തിയ മാധവദേവൻ രാത്രി സമയത്ത് ദരിദ്രയായ ഒരു വൃദ്ധയുടെ കുടിലിൽ എത്തി. എന്നാൽ മാധവദേവന് ചോറിനൊപ്പം ഒരു കാട്ടുപച്ചക്കറി കൊണ്ടുള്ള കറി മാത്രമേ അവർക്ക് നൽകാൻ പറ്റിയുള്ളൂ. ആ ഭക്ഷണം നൽകിയതിൽ വൃദ്ധയ്ക്ക് തൃപ്തി വന്നില്ലെങ്കിലും സന്യാസി ആ ഭക്ഷണത്തിൽ സന്തോഷവാനായിരുന്നു.
തന്റെ സന്തോഷവും നന്ദിയും അറിയിക്കാനായി അന്ന് മാധവദേവൻ അവിടെ ഒരു മൺവിളക്ക് കൊളുത്തിയിരുന്നു. ആ വിളക്ക് ദിവസവും കത്തിക്കാൻ വൃദ്ധയോട് ആവശ്യപ്പെടുകയും ചെയ്തു.