കണ്ണൂർ: ഇടുക്കി പൈനാവ് ഗവ.എൻജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ വ്യാപക സംഘർഷം.
ഇന്നു പുലർച്ചെയോടെയാണ് ധീരജിന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചത്. തുടർന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങൾ അക്രമങ്ങൾ അരങ്ങേറിയത്.
വിലാപയാത്ര കടന്നു വന്ന തലശേരി-കണ്ണൂർ റോഡരികിലെ കോൺഗ്രസ് സ്തൂപങ്ങളും, കൊടിമരങ്ങളും അടിച്ചു തകർത്തു.
വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ വീടിന് നേരെ ബോബേറ് ഉണ്ടായി. കോൺഗ്രസ് ഓഫീസുകളും വെയിറ്റിംഗ് ഷെൽട്ടറും അക്രമികൾ തകർത്തു.
പിണറായി. പാപ്പിനിശേരി, ചക്കരക്കൽ, കുഞ്ഞിമംഗലം, ചെട്ടിപീടിക, എടക്കാട്, താണ, തോട്ടട, എളയാവൂർ, തളിപ്പറന്പ് എന്നിവിടങ്ങളിലാണ് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അക്രമം നടന്നത്.
എടക്കാട് ബസ് ഷെൽട്ടർ ഇന്നലെ രാത്രി അഞ്ജാതസംഘം തകർത്തു. തോട്ടടയിലും എളയാവൂരും കോൺഗ്രസ് കൊടിമരങ്ങൾ തകർത്തു.
ചക്കരക്കൽ കണയന്നൂരിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറുണ്ടായി. പിണറായി, പാപ്പിനിശേരി, ചക്കരക്കൽ.
ചെട്ടിപീടിക, കുഞ്ഞിമംഗലം എന്നിവിടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾ തകർത്തു. താണയിലും ചെട്ടിപീടികയിലും വെയിറ്റിംഗ് ഷെൽട്ടറുകൾ തകർത്തു.
തോട്ടട എസ് എൻ കോളജിന് മുന്നിലെ ഷുഹൈബ് സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം ഉൾപ്പടെ തകർത്തു.
കെ എസ് യു സ്തൂപവും ബസ് കാത്തിരിപ്പ് കേന്ദ്രവും തകർക്കുന്നത് ചിത്രികരിച്ച ഓൺലൈൻ ചാനലിന്റെ മൊബൈൽ ഫോണും മൈക്കും വിലാപയാത്രയിൽ പങ്കെടുത്തവർ തട്ടിയെടുത്തു.
നടാലിലെ കോൺഗ്രസ് ഓഫീസ് ലോറിയിലെത്തിയ ഒരു സംഘം ആളുകൾ തകർത്തു.നടാൽ വായനശാലയിലെ നവ രശ്മി ക്ലബ്ബ് അടിച്ച് തകർത്തു.ചിറക്കുനിയിലെ കോൺഗ്രസ് ധർമ്മടം മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയും അക്രമമുണ്ടായി. പ്രചാരണ ബോർഡുകൾ നശിപ്പിച്ചു.
അതേസമയം അക്രമ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ കോൺഗ്രസ് ഓഫീസുകൾക്ക് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
കൂടാതെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കണ്ണൂർ കോൺഗ്രസ് ഭവന്റെ മുന്നിൽ ഇന്നലെ രാവിലെ തന്നെ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
ഡിസിസിയിൽ സുധാകരൻ പങ്കെടുക്കുന്ന പരിപാടിയിൽ അക്രമം സാധ്യതയുണ്ടാകുമെന്നത് കണക്കിലെടുത്താണ് ഇന്നലെ രാവിലെ മുതൽ പോലീസ് സുരക്ഷ ശക്തമാക്കിയത്.
ജില്ലയിലെ മുഴുവൻ കോൺഗ്രസ് ഓഫീസുകളിലും പോലീസ് സുരക്ഷശക്തമാക്കിയിട്ടുണ്ട്.
പ്രത്യേക സംഘം അന്വേഷിക്കും
ചെറുതോണി: ഇടുക്കി ഗവ.എൻജിനീയറിംഗ് കോളജിൽ നടന്ന സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവം പ്രത്യേക സംഘം അന്വേഷിക്കും.
ഇടുക്കി സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി വന്നിരുന്നത്. കൊലയ്ക്കു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകം ആസൂത്രിതമല്ലെന്നാണ് പോലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
സംഘർഷത്തെ തുടർന്ന് പെട്ടെന്നുണ്ടായ പ്രകോപനമാണ് കത്തിക്കുത്തിലേയ്ക്ക് നയിച്ചത്. സംഭവത്തിൽ മുഖ്യപ്രതിയായ യൂത്ത് കോണ്ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയെ ഇന്ന് കോടതിയിൽ ഹാജാരാക്കും.
നിഖിൽപൈലിയെയും കൂട്ടുപ്രതിയായ ജെറിൻജോജോയെയും ഇന്നലെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക്് വിധേയമാക്കിയിരുന്നു.
തെളിവെടുപ്പ്
ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കിയതിനു ശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പു നടത്താനാണ് പോലീസിന്റെ തീരുമാനം.
മറ്റൊരു അടിപിടിക്കേസിൽ ജീവന് ഭീഷണി നില നിൽക്കുന്നതിനാലാണ് കൈയിൽ കത്തി കരുതിയിരുന്നതെന്നാണ് നിഖിൽ പൈലി പോലീസിനു മൊഴി നൽകിയിരിക്കുന്നത്.
നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വധശ്രമത്തിനും സംഘം ചേർന്നതിനുമാണ് ജെറിൻ ജോജോക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇതിനിടെ ധീരജന്റെ കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും കോണ്ഗ്രസ് ഓഫീസുകൾക്കു നേരെ അക്രമം നടക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പാർട്ടി ഓഫീസുകൾക്ക് സുരക്ഷ വർധിപ്പിച്ചു.
സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് തൊടുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.